കൽപ്പറ്റ : ഗോകുൽ എന്ന യുവാവിനെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി സിബി ഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി .ശുപാർശ ചെയ്തതായി വിവരാവകാശ രേഖ . ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരുകയാണെന്നും കത്തിലുണ്ട് .
പ്രായപൂർത്തിയാകാത്ത ഗോകുലിന്റെ അസ്വാഭാവിക മരണത്തിലേയ്ക്ക് നയിച്ച കാര്യങ്ങളിൽ നീതിപൂർവ്വം അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ പരാതിയിൻമേൽ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് റിപ്പോർട്ടും തേടിയിട്ടുണ്ട് .
ഗോകുലിനെ പ്രതി ചേർക്കാതെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് സംബന്ധിച്ചും, കസ്റ്റഡിയിൽ മരണം സംഭവിച്ചാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ട പോസ്റ്റ് മോർട്ട നടപടി ക്രമങ്ങൾ ഗോകുലിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നും ഇത് വീഴ്ചയെന്നുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുള്ളത്
