ഡല്‍ഹി: വിദേശ സർവകലാശാലകളില്‍നിന്നു ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നല്കുന്നതു വേഗത്തിലാക്കാൻ യുജിസി തീരുമാനം. തുല്യതയ്ക്കായി ഇന്ത്യയിലെ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുത്തായിരിക്കും യുജിസി നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കി. വിദ്യാർഥികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തുല്യതാ സർട്ടിഫിക്കറ്റ് നല്കുന്ന തരത്തിലുള്ള നടപടികളാണ് യുജിസി വാഗ്ദാനം ചെയ്യുന്നത്.
മെഡിസിൻ, നിയമം, നഴ്സിംഗ്, ഫാർമസി, ആർക്കിടെക്ചർ എന്നിവയ്ക്ക് യുജിസി തുല്യതാ സർട്ടിഫിക്കറ്റ് നല്‍കില്ല.
തുല്യതാ സർട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രത്യേക ഓണ്‍ലൈൻ പോർട്ടലുണ്ടാക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷയ്ക്ക് പ്രത്യേകം ഫീസും ഈടാക്കും. മെഡിസിൻ, നിയമം, നഴ്സിംഗ്, ഫാർമസി, ആർക്കിടെക്ചർ എന്നീ പ്രഫഷണല്‍ കോഴ്സുകള്‍ക്ക് യുജിസി തുല്യതാ സർട്ടിഫിക്കറ്റ് നല്‍കില്ല. മറ്റു ബിരുദങ്ങള്‍ക്കാണ് നല്‍കുക. നേരത്തെ തുല്യതാ സർട്ടിഫിക്കറ്റ് നല്‍കിയിരുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയായിരുന്നു (എഐയു). ഒരു വർഷം ശരാശരി 2000 ത്തോളം തുല്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ എഐയുവിന് ലഭിക്കുന്നുണ്ട്. ഇതാണ് സർക്കാർതലത്തിലേക്കു മാറ്റുന്നത്.
13.30 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികള്‍ വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്
അന്താരാഷ്ട്ര യോഗ്യത നേടി വിദേശത്തുനിന്ന് മടങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുജിസിയുടെ പുതിയ നീക്കം. കേന്ദ്രസർക്കാരിന്റെ 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 13.30 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികള്‍ വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ത്തന്നെ ജോലി ചെയ്യുന്പോള്‍ കുറച്ചുപേർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഇത്തരക്കാർക്ക് ഇന്ത്യൻ സ്ഥാപനങ്ങളില്‍ ജോലിക്കു പ്രവേശിക്കുന്നതിനായി അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള യുജിസിയുടെ ശ്രമം
