സിനിമാ വിമർശനം വർഗീയ വിഭാഗീയ ധ്രുവീകരണം ആകുമ്പോൾ

കേരളത്തിൽ മറ്റെല്ലാ സംഭവങ്ങളേയും പിന്നിലോട്ടടിച്ച് ഇപ്പോൾ മുഖ്യ ചർച്ചാവിഷയമായി മാറിയിട്ടുണ്ട് എമ്പുരാൻ സിനിമ. എന്നാൽ സോഷ്യൽമീഡിയയിൽ ആണെങ്കിലും ചാനലുകളിലാണെങ്കിലും നിഷ്പക്ഷമായ വിലയിരുത്തലുകൾക്കു പകരം സമൂഹത്തെ ധ്രൂവീകരിക്കുന്നതിനാരൊക്കെയൊ മനപ്പൂർവ്വം ശ്രമിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. ഹിന്ദു മുസ്ലീം വർഗ്ഗീയവിഭജനം ഈ ചർച്ചകളിലൂടെ ഏകദേശം സാധ്യമാക്കിയവർ ഇപ്പോൾ ക്രിസ്ത്യാനികളെ ഇതിലുൾപ്പെടുത്താനുള്ള ഭഗീരഥശ്രമത്തിലാണ്. ഇതിനിടയിലാണ് സിറിയക്ക് തുണ്ടിയിലച്ചന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ വന്നത്. നിഷ്പക്ഷവും ശ്രദ്ധേയവുമായ നിരീക്ഷണമാണ് അച്ചന്റെ പോസ്റ്റിന്റെ സവിശേഷത. അദ്ദേഹം സിനിമയെ ആണ് വിലയിരുത്തുന്നത്. മറ്റു പലരും ചെയ്തതുപോലെ സിനിമയുടെ ബാഹ്യമായ കാര്യങ്ങൾക്കല്ല പ്രാധാന്യം നൽകുന്നത്.

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനലായ വികാസവാണിയുടെ അമരക്കാരനാണ് റവ.ഫാ. സിറിയക്ക് തുണ്ടിയിൽ. ഒരു മാധ്യമപ്രവർത്തകനാവശ്യമുള്ള കാഴ്ച്ചപ്പാടിലെ വ്യക്തതയും നിഷ്പക്ഷതയും അദ്ദേഹത്തിന്റെ എഴുത്തുകളിൽ എപ്പോഴും കാണാറുണ്ട്. ജാതിമത വിഭാഗീയതകൾക്കതീതമായ ചാരിറ്റി പ്രവർത്തകനുമാണ് തുണ്ടിയിലച്ചൻ. അദ്ദേഹത്തിന്റെ രചന ചുവടെ.

എമ്പുരാൻ കണ്ടശേഷം

സിനിമയിലെ കഥ പറയുന്നത് കഥാകാരനാണ്. എമ്പുരാനെ സംബന്ധിച്ചിടത്തോളം അത് മുരളി ഗോപിയുടേതാണ്. എന്തെല്ലാം ഈ കഥയിലൂടെ പറയുവാനും അവതരിപ്പിക്കുവാനും ആഗ്രഹിച്ചോ അതെല്ലാം മുരളിയാണ് എഴുതിവെച്ചത്. താൻ രാഷ്ട്രീയമായി ചിന്തിക്കുന്ന ആളാണെന്നു നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ കഥ എങ്ങനെ മനുഷ്യരുടെ മുൻപിൽ അവതരിപ്പിക്കണം എങ്ങനെ മനുഷ്യമനസ്സിലേക്ക് കടത്തിവിടണം, അതായത് വാക്കുകളിലൂടെയും ഡയലോഗുകളിലൂടെയും ചിത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ചില സന്ദർഭങ്ങളിൽ ഉള്ള മൗനങ്ങളിലൂടെയും ഏതെല്ലാം തരത്തിലും സ്ഥലങ്ങളിലുമുള്ള ചിത്രങ്ങളിലൂടെയും – എങ്ങനെയാണ് ഈ കഥ മനുഷ്യമനസ്സുകളിലേക്ക് ചെല്ലേണ്ടത് എന്ന് തീരുമാനിച്ചതും അതനുസരിച്ച് പ്രവർത്തിച്ചതും സംവിധായകൻ പൃഥ്വിരാജ് ആണ്. എമ്പുരാൻ എന്ന സിനിമ പൃഥ്വിരാജ് സുകുമാരന്റേതാണ്.

സിനിമ എന്നു പറയുന്ന കല എപ്പോഴും സംവിധായകന്റേതാണ്. കഥയെഴുതിക്കഴിഞ്ഞ് തിരക്കഥ എഴുതുമ്പോൾ തുടങ്ങുന്നു സംവിധായകന്റെ റോൾ.

റിലീസ് ചെയ്തുകഴിഞ്ഞാൽ പിന്നെ ചിത്രം ജനങ്ങളുടെ കയ്യിലാണ്ഇനി, നിർമാണം കഴിഞ്ഞു റിലീസ് ചെയ്തുകഴിഞ്ഞാൽ പിന്നെ ചിത്രം ജനങ്ങളുടെ കയ്യിലാണ്. സിനിമാ നിർമ്മാതാക്കൾ തന്നെ ഒരു പ്രത്യേക ഹൈപ്പ് സിനിമയ്ക്ക് സൃഷ്ടിച്ചിട്ടു ണ്ടാവും. അത് അവരുടെ പരമ്പരാഗതമായ ചലച്ചിത്ര പ്രേമികളെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കും. മുരളിയുടെ കഥ കേൾക്കാൻ ആഗ്രഹിക്കുന്ന കുറേ ആൾക്കാരുണ്ടാകും, പൃഥ്വിരാജിന്റെ സിനിമ കാണാൻ ആഗ്രഹിക്കുന്ന കുറെ ആൾക്കാരുണ്ട്, സിനിമയിലെ പ്രധാന കഥാപാത്രമായ മോഹൻലാലിലെ ആരാധിക്കുന്ന വളരെയേറെ ആൾക്കാർ കേരളത്തിൽ ഉടനീളം ഉണ്ട്, അവരൊക്കെ എന്ത് പ്രതീക്ഷിച്ചു വന്നോ അതൊക്കെ അവർക്കു കിട്ടി എന്നു പറയാം. അവരുടെ പ്രതികരണങ്ങൾ കേട്ടാൽ അതു മനസിലാകും. “കലക്കി” “ഉഗ്രൻ” “പൊളിച്ചു” എന്നൊക്കെ അവർ പറയുന്നു.

എമ്പുരാൻ കൊമേർഷ്യൽ ആയി വിജയിച്ചു കഴിഞ്ഞു. അതിനുള്ള ചേരുവയെല്ലാം അതിലുണ്ട്. 200 കോടി ഇതിനോടകം പിരിഞ്ഞിട്ടുണ്ട്. മുടക്കിയ തുക തിരികെക്കിട്ടി. ഇനിയുള്ളത് ലാഭമാണ്.

ഇത്രയേറെ ചർച്ചയും വിവാദവും വന്നതുകൊണ്ടു പൊതുവെ സിനിമാ കാണാത്ത ആളായ ഞാൻ ഇന്ന് പോയി കണ്ടു.

ആദ്യമേതന്നെ പറയട്ടെ കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമയാണ് എമ്പുരാൻ.

ഫാ. സിറിയക്ക് തുണ്ടിയിൽ
ഇന്ത്യയാകെ കാണിക്കത്തക്ക ടെക്നിക്കൽ മികവ്

ഇന്ത്യയാകെ കാണിക്കത്തക്ക ടെക്നിക്കൽ മികവ് ചിത്രത്തിനുണ്ട്. ഇനി ഉത്തരേന്ത്യൻ ജനതയെക്കൂടെ സുഖിപ്പിക്കാവുന്ന സിനിമകളെടുക്കാൻ പൃഥ്വിരാജിന് സാധിക്കട്ടെ. അതിനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് അദ്ദേഹം. താമസം ഇപ്പോൾ മുംബൈയിൽ ഹിന്ദി താരങ്ങൾ താമസിക്കുന്ന ഏരിയയിലാണ് എന്നറിയാമല്ലോ.

എമ്പുരാനിൽ നല്ല ആകർഷകമായ മനോഹരമായ ഷോട്ടുകളാണ് ഉള്ളത്. പ്രത്യേകിച്ച് ഡ്രോൺ ഷോട്ടുകൾ നല്ല മനോഹാര്യത നൽകുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ എടുത്ത ഷോട്ടുകൾ വളരെ ആകർഷകമാക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

എഡിറ്റിംഗ് സൂപ്പർബ് ആയിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സംഭവങ്ങൾക്കു ചേർന്ന വിധത്തിൽ മനോഹരമായി കമ്പോസ് ചെയ്തിട്ടുണ്ട്.

വ്യക്തമായ ഏകാഗ്രതയുള്ള കഥാതന്തു ഈ സിനിമക്ക് ഇല്ല

എന്നാലും വ്യക്തമായ ഏകാഗ്രതയുള്ള കഥാതന്തു ഈ സിനിമക്ക് ഇല്ലെന്നു വേണം പറയാൻ. എല്ലാ സംഭവങ്ങളുടെ ഇടയിലൂടെ ഒരു കഥ നീങ്ങിക്കൊണ്ടിരിക്കണം. എന്നാലേ സിനിമ ഒരു ലക്ഷ്യത്തിൽ എത്തുകയുള്ളു. ഒരു ക്ലൈമാക്സിൽ അവസാനിക്കയുള്ളു. കഥയുടെ ഈ ഏകീകരണം ഉണ്ടായിട്ടില്ല. (There is no integrated story behind the film).

ബോറടിക്കുന്ന ചില അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ബംജരംഗിയെ നേരിടുന്ന അവസരത്തിൽ എല്ലാത്തിനേയും അടിച്ചൊതുക്കി എന്നു വിഷ്വൽസ് കൊണ്ടു തോന്നിയ അവസരത്തിൽ ദാ വരുന്നു വീണ്ടും കുറെയെണ്ണം കൂടെ. വീണ്ടും എവിടുന്നോ വരുന്നു ഒന്നും രണ്ടും മൂന്നും ആൾക്കാർ. എല്ലാവരും ലൈൻ നിന്ന് വരുന്നപോലെ.

ഫൈറ്റ് സീനുകളെ അല്പംകൂടെ റിയലിസ്റ്റിക് ആക്കാമായിരുന്നു. അക്രമികൾ ഓരോരുത്തരായി ലൈൻ നിന്ന് വരുന്നതുപോലെ തോന്നി. അതുകൊണ്ട് ഫൈറ്റ് സീനുകൾ ആവശ്യത്തിലേറെ വലിച്ചുനീട്ടിയപോലെ തോന്നി.

ഫൈറ്റ് സീനുകൾ ആവശ്യത്തിലേറെ വലിച്ചുനീട്ടി

അതുപോലെ തന്നെ മോഹൻ ലാലും പൃഥ്വിരാജും അവരുടെ ആയുധങ്ങൾ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കൊടുക്കുന്ന (എറിഞ്ഞുകളിക്കുന്ന) സീൻ ആവശ്യത്തിലേറെ പ്രാവശ്യം നടത്തി മടുപ്പുണ്ടാക്കിയിട്ടുണ്ട്.

സിനിമക്ക് ഒരു നല്ല ക്ലൈമാക്സ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നു. ക്ലൈമാക്സ് ആക്കാമായിരുന്ന അവസരം കഴിഞ്ഞു പിന്നെയും കഥ വലിച്ചുനീട്ടി. സിനിമ തീർന്നോ ഇല്ലയോ എന്ന ആശങ്കയിലായിരുന്നു അവസാന സെക്കണ്ടുകൾ.

ക്ലൈമാക്സിനു പകരം ലൂസിഫർ 3 യെ ക്കുറിച്ചുള്ള പരസ്യം നൽകാനാണ് അവസാനഭാഗം ഉപയോഗിച്ചത്, അതിനാൽ ക്ലൈമാക്സ് ഉണ്ടാക്കാനായില്ല.

ഉദ്ദേശിച്ചിരിക്കുന്നത് ബിജെപി യുടെ കേരള പ്രവേശനം തന്നെയെന്ന് വ്യക്തം

വ്യക്തമായും കേരളത്തിലേക്ക് ബജ്‌രംഗ്ദളിന്റെ പ്രവേശനത്തിനു തടയിടാനുള്ള ശ്രമം കഥയിൽ വ്യക്തമായി നടത്തിയിട്ടുണ്ട്. അവരുടെ പ്രവേശനം വക്രതയും ഉരുക്കുമുഷ്ടിയും ഉപയോഗിച്ചുള്ളതാണെന്നു വ്യക്തമായി കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉദ്ദേശിച്ചിരിക്കുന്നത് ബിജെപി യുടെ കേരള പ്രവേശനം തന്നെയെന്ന് വ്യക്തം. അതിനെ ഇവിടുള്ള രാഷ്ട്രീയബോധം തോൽപ്പിക്കുമെന്ന ധ്വനിയും ഉണ്ട്. അതിനു സ്റ്റീഫൻ നെടുമ്പള്ളി തന്നെ നേരിൽ ഇവിടെ വന്നിറങ്ങേണ്ടി വന്നുവെന്നുമാത്രം. (അയാൾ എങ്ങനെ ആ പ്രതിസന്ധി ഘട്ടത്തിൽ വന്നിറങ്ങി എന്നതിന് യാതൊരു പിടിവള്ളിയും സിനിമ തരുന്നില്ല).

കഥ കഴിഞ്ഞു ഇറങ്ങാറാകുമ്പോൾ ടൈറ്റിലുകളോടൊപ്പം അനാവശ്യമായ ചില ചിന്തകളും ചൊല്ലുകളും (quotations) എഴുതിക്കാണിച്ചു മിടുക്കു കാട്ടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആ പറയാനുള്ളതൊക്കെ സിനിമയിൽ കഥയായി കാണിച്ചുകൂടായിരുന്നോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് ? അതിനു സാധിച്ചില്ല. പകരം അവയെല്ലാം പ്രത്യേകം എഴുതികാണിച്ചത് “മുഴച്ചു നിന്നു” എന്ന് തന്നെ പറയണം. തന്നെയുമല്ല അവയിൽ മിക്കതും തന്നെ ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്നവയും ആയിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു. (സന്തോഷകരമായ കാര്യം ഇതാണ് : മനുഷ്യ മനസ്സുകളെ തട്ടുന്ന തരത്തിലുള്ള വാചകങ്ങൾ വേണമെങ്കിൽ ബൈബിൾ തന്നെ അവലംബം എന്നു എമ്പുരാനും ഏറ്റുപറയുന്നു.)

ക്വട്ടേഷൻസ് എഴുതി ക്ലാസ് എടുക്കേണ്ട കാര്യമില്ല

ക്വട്ടേഷൻസ് (quotations) ഒക്കെ ഒഴിവാക്കാമായിരുന്നു. ജനങ്ങളെ സിനിമ കൊണ്ട് പഠിപ്പിക്കാൻ ശ്രമിക്കണം. സിനിമ കഴിഞ്ഞ് ക്വട്ടേഷൻസ് എഴുതി ക്ലാസ് എടുക്കേണ്ട കാര്യമില്ല. സിനിമ അങ്ങനത്തെ മീഡിയം അല്ല. പ്രധാനമായും വിഷ്വൽസ് കൊണ്ടാണ് സിനിമ കഥ / കാര്യം പറയുക.

ലൂസിഫർ 3 യുടെ കഥ ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ലൂസിഫർ 2 എന്നത് ആഫ്രിക്കൻ മാഫിയകളെ നേരിടുന്നതാണെങ്കിൽ ലൂസിഫർ 3 ചൈനീസ് ട്രിയാഡിനെ നേരിടുന്നതായിരിക്കും.

മനുഷ്യരിൽ അക്രമത്തോടും ചോരയോടും ക്രൂരതയോടും കൊലപാതകങ്ങളോടും ഉള്ള ചായ്വും ഹരവും കൂട്ടാൻ ഈ സിനിമ ഉപകരിക്കും. ഇര കരഞ്ഞാലും മുറിവേറ്റാലും കിടന്നു പിടഞ്ഞാലും ഉള്ളുരുകാത്ത ക്രൂരത ചെറുപ്പക്കാരുടെ മനസ്സുകളിൽ കുത്തി വെക്കാൻ എമ്പുരാൻ സഹായിക്കുന്നു എന്നും പറയാതിരിക്കാൻ സാധിക്കുന്നില്ല. ചുമ്മാതല്ല സമൂഹത്തിൽ കത്തിക്കുത്തും കൊലപാതകങ്ങളും ധാരാളമായി നടക്കുന്നത്.

മനുഷ്യ നന്മയുടെ ഒരു കാര്യവും ഒരിടത്തും ഈ സിനിമയിൽ കാണാനില്ല.#

ഫാ.സിറിയക്ക് തുണ്ടിയിൽ ലേഖനം അവസാനിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →