തിരുവനന്തപുരം | ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി . ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ ഓണറേറിയം നൽകുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് മാനദണ്ഡങ്ങൾ പിന്‍വലിച്ചിരുന്നു. ഇപ്പോൾ ബാക്കിയുള്ളവയും ഒഴിവാക്കി. ആരോഗ്യ മന്ത്രി വീണാ ജോർജുമായി നടത്തിയ ചര്‍ച്ചയിൽ ഓണറേറിയം ലഭിക്കാനുള്ള നിർദേശങ്ങൾ പിന്‍വലിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി അറിയിച്ചു.
സമരഗേറ്റിലേക്ക് നീങ്ങിയ ആശ പ്രവർത്തകർ റോഡിലിരുന്നും കിടന്നും പ്രതിഷേധം നടത്തി.
സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ആശ പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുകയാണ് . ഇതിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നായി നൂറുകണക്കിന് ആശ പ്രവർത്തകർ രാവിലെ 10 മണിയോടെ വിവിധ ജില്ലകളിൽ നിന്നെത്തി. സമരഗേറ്റിലേക്ക് പ്രതിഷേധവുമായി നീങ്ങിയ അവർ തുടര്‍ന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം നടത്തി. ഈ സാഹചര്യത്തിലാണ് ഓണറേറിയം സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവ് വന്നത്.
ഇനി മുതൽ ഓണറേറിയം ലഭിക്കാൻ മാനദണ്ഡങ്ങളില്ല
നിലവിൽ പ്രതിമാസം 7,000 രൂപയാണ് ആശ പ്രവർത്തകർക്ക് ഓണറേറിയമായി ലഭിക്കുന്നത്. 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂര്‍ത്തിയാക്കിയാലേ ആ തുക ലഭിക്കുമായിരുന്നുള്ളു. എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കാൻ മാനദണ്ഡങ്ങളില്ല. കൂടാതെ ഭവന സന്ദർശനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി പ്രതിമാസം നൽകിയിരുന്ന 3,000 രൂപ ഫിക്സഡ് ഇൻസെന്റീവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ആശാ സമരത്തിന്റെ വിജയമാണിതെന്ന് സമരസമിതി വ്യക്തമാക്കി.