കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. പരിക്കേറ്റ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്.
ചില തീവ്രവാദികള്‍ മാധ്യമപ്രവർത്തകരായി ചമയുകയായിരുന്നുവെന്ന് ഇസ്രേലി സേന
ബെയ്ത് ലാഹിയയിലെ ഒരു ജീവകാരുണ്യ സംഘടനയുടെ ദൗത്യത്തിനായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടതെന്ന് പലസ്തീൻ മാധ്യമപ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്തകരും ഫോട്ടാഗ്രാഫർമാരും വാഹനത്തിലുണ്ടായിരുന്നു. പലസ്തീൻ, ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടനകളിലെ ആറു പേരെ വധിച്ചെന്നും ചില തീവ്രവാദികള്‍ മാധ്യമപ്രവർത്തകരായി ചമയുകയായിരുന്നുവെന്നും ഇസ്രേലി സേന അറിയിച്ചു.
ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇസ്രയേല്‍
സെൻട്രല്‍ ഗാസയിലെ ജുഹുർ എല്‍ദീക്ക് പട്ടണത്തിലും തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഡ്രോണ്‍ ആക്രമണം നടത്തിയതായി പലസ്തീൻ ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഈ ആക്രമണങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്
