തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്ക് ഫ്ളാറ്റ് നിർമിക്കുന്നതിന് ഒരു സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയത്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസൻറ് പ്രളയ പുനർ നിർമാണത്തിന്റെ ഭാഗമായി കേരളത്തിന് ഒരു കോടി ദിർഹം സഹായധനം പ്രഖ്യാപിച്ചിരുന്നു. യുഎഇ കോൺസുലേറ്റ് ജനറലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞവർഷമാണ് തലസ്ഥാനത്ത് നടത്തിയ ചടങ്ങിൽ ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഈ നിർമ്മാണ കരാർ യൂണിടെക് കമ്പനിക്ക് നൽകിയത് സ്വപ്ന ഇടപെട്ടാണ്. ഇതിന് പാരിതോഷികമായി കോൺസുലേറ്റ് ജനറലിന് ലഭിച്ചതാണ് പണം എന്നാണ് സ്വപ്നയുടെ മൊഴി. ഇതിൽ നിന്നും ഒരു കോടി രൂപ തനിക്ക് വീട് വെക്കുവാൻ കോൺസുലേറ്റ് ജനറൽ നൽകി എന്നാണ് പറയുന്നത്.
കറൻസി കൈ മാറ്റത്തിനായി രണ്ട് മണി എക്സ്ചേഞ്ചുകൾക്ക് കരാർ നൽകിയിരുന്നതിന്റെ വകയായി കിട്ടിയതാണ് 50 ലക്ഷം രൂപ എന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. വിസ സ്റ്റാമ്പിങ് അടക്കമുള്ള നടപടികൾക്ക് കോൺസുലേറ്റിൽ ഇന്ത്യൻ കറൻസി സ്വീകരിക്കാറില്ല. കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് കറൻസി കൈമാറ്റത്തിനാണ് മണി എക്സ്ചേഞ്ചിന് കരാർ നൽകിയത്.

