ലോസ് ഏഞ്ചല്‍സിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാല്‍ തീ അണയ്‌ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കാലിഫോർണിയ മുഴുവൻ തീ വ്യാപിച്ചു.
ജനുവരി ഏഴിനായിരുന്നു ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ ആരംഭിച്ചത്. തുടർന്നങ്ങോട്ട് ദക്ഷിണ കാലിഫോർണിയ മുഴുവൻ തീ വ്യാപിച്ചു. നരകത്തിലെ കാഴ്ചയെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളാണ് സാറ്റലൈറ്റ് ഇമേജുകളായി പുറത്തുവന്നിരിക്കുന്നത്. ഹെക്ടർ കണക്കിന് ഭൂമി ഒരേസമയം കത്തിയെരിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലോസ് ഏഞ്ചല്‍സില്‍ 16 പേരുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ 13 പേരെ കാണാതായിട്ടുമുണ്ടെന്ന് ഷെരീഫ് റോബർട്ട് ലൂണ അറിയിച്ചു.
കാട്ടുതീ 10,000 വീടുകളും പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയും ചാരമാക്കി
10,000 വീടുകളും പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയും ചാരമാക്കിയ ഈ കാട്ടുതീ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ലോസ് ഏഞ്ചല്‍സില്‍ പ്രധാനമായും നാലിടത്തായാണ് കാട്ടുതീ രൂപപ്പെട്ടത്. കെന്നത്ത്, ഹഴ്സ്റ്റ്, പാലിസേഡ്സ്, ഈറ്റണ്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ കെന്നത്തിലെ കാട്ടുതീ 90 ശതമാനവും അണയ്‌ക്കാൻ കഴിഞ്ഞു. ഹഴ്സ്റ്റില്‍ 76 ശതമാനവും നിയന്ത്രണവിധേയമാക്കി. എന്നാല്‍ പാലിസേഡ്സില്‍ ഇപ്പോഴും കാട്ടുതീ വ്യാപിക്കുകയാണ്. 11 ശതമാനമേ ഇവിടെ നിയന്ത്രിക്കാൻ സാധിച്ചിട്ടുള്ളൂ. ഈറ്റണിലെ കാട്ടുതീയിലാണ് 11 പേർ മരിച്ചത്. മറ്റ് അഞ്ച് പേർ പാലിസേഡ്സില്‍ ഉള്ളവരായിരുന്നു