തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി.രാജീവ്. 2025 ജനുവരി 28, 29 തീയതികളിലാണ് കോൺക്ലേവ് നടക്കുന്നത്. ഹയാത്ത് റീജൻസിയില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025-ല്‍ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ടു വൻതോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോണ്‍ക്ലേവില്‍ ഉറപ്പാക്കിയിട്ടുണ്ട്. തുറമുഖാനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പം തന്നെ മറ്റു മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
കേരളത്തിനകത്തുള്ള കമ്പനികള്‍, സ്റ്റാർട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകൾ കോണ്‍ക്ലേവില്‍ വിശകലനം ചെയ്യും
കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചർച്ചകള്‍, വ്യവസായ രംഗത്തെ ഐക്കണുകള്‍ പങ്കെടുക്കുന്ന ഫയർസൈഡ് ചാറ്റുകള്‍, പ്രസന്റേഷനുകള്‍ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമാണ്. കേരളത്തിനകത്തുള്ള കമ്പനികള്‍, സ്റ്റാർട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോണ്‍ക്ലേവില്‍ വിശകലനം ചെയ്യും.
നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നവർക്കു മാർഗനിർദേശം നല്കുന്ന സെഷനുകള്‍, ബിസിനസ് ലീഡർമാരുമായി പ്രതിനിധികള്‍ക്കു നേരിട്ടു സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവിന്റെ പ്രത്യേകതകളാണെന്നും മന്ത്രി വ്യക്തമാക്കി.
