കൊല്ലം: മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ദിനത്തിൽ അനുഗ്രഹം തേടി മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലും എത്തി. അമൃതപുരിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അമ്മയ്ക്ക് ഹാരാർപ്പണം നടത്തി അനുഗ്രഹം വാങ്ങി. ശേഷം അമ്മയുടെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു.
അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ ഇന്ന് പുലര്‍ച്ചെ അഞ്ചുമുതലാണ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് സത്സംഗം, 7.45-ന് സംഗീതസംവിധായകന് രാഹുല്‍ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒന്‍പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നല്കി. ധ്യാനം, വിശ്വശാന്തി പ്രാര്‍ഥന എന്നിവയുമുണ്ടാകും. സാംസ്കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്കാരവിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5,000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്കുന്ന ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹവിവാഹം, നാലുലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.

