പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം 2023 ഓഗസ്റ്റ് 29-ന് അവതരിപ്പിക്കും.ലോകത്തിലെ തന്നെ ആദ്യത്തെ ബി.എസ്-6 ഇലക്ട്രിഫൈഡ് ഫ്ലെക്സ് ഫ്യുവൽ വാഹനമായിരിക്കും ടൊയോട്ട എത്തിക്കുന്ന ഈ മോഡൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പെട്രോൾ-ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും, ഒന്നിലധികം ഇന്ധനങ്ങളിലോടുന്നതുമായി വാഹനങ്ങൾ വികസിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട. .
ടൊയോട്ടയുടെ എം.പി.വി. വാഹനമായ ഇന്നോവ തന്നെയായിരിക്കും എഥനോൾ വാഹനമായി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഫ്ലെക്സ് ഫ്യുവൽ വാഹനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബദൽ ഇന്ധന മാർഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ടൊയോട്ട അടുത്തിടെയാണ് ഹൈഡ്രജൻ ഫ്യുവൽസെൽ വാഹനമായ മിറായി ഇന്ത്യയിൽ എത്തിച്ചത്.
ഇ100 സൂചിപ്പിക്കുന്നത് പോലെ തന്നെ 100 ശതമാനവും എഥനോളിൽ പ്രവർത്തിക്കുന്ന, ബി.എസ്.6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന ആദ്യത്തെ കാറായിരിക്കും ടൊയോട്ടയിൽ നിന്നെത്തുന്ന ഈ മോഡലെന്നാണ് മന്ത്രിയും അഭിപ്രായപ്പെട്ടത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇ10-ൽ നിന്ന് ഇ100 നിലവാരത്തിലുള്ള എഥനോൾ കാറുകൾ നിർമിക്കാൻ സാധിച്ചത് രാജ്യത്തിന് തന്നെ അഭിമാനമായാണ് കണക്കാക്കുന്നതെന്നും മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു. 2004-ന് ശേഷമാണ് ജൈവ ഇന്ധനങ്ങളുടെ സാധ്യത ഉയർന്നതെന്നും മന്ത്രി അവകാശപ്പെട്ടു

