വെങ്ങാനൂർ: തിരുവനന്തപുരം വെങ്ങാനൂർ പുല്ലാന്നിമുക്കിൽ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ആശുപത്രിയിൽ ചികിത്സയിൽ. പുല്ലാന്നിമുക്ക് ശിവബിന്ദു വീട്ടിൽ ജി.ശിവരാജൻ (56), മകൾ ബി.എസ്.അഭിരാമി (22) എന്നിവരാണു മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തി എന്നറിയപ്പെടുന്ന കെ.ബിന്ദു (53), മകൻ എസ്.അർജുൻ (19) എന്നിവർ ചികിത്സയിലാണ്. കടബാധ്യതയെത്തുടർന്നാണ് ഇവർ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്. 2023 ജൂലൈ 13 വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിനെയും മകൻ അർജുനെയും അപകടനില തരണം ചെയ്തതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. ഇവർക്കൊപ്പം വീട്ടിൽ കഴിയുന്ന ബിന്ദുവിന്റെ മാതാവ് എസ്.കനിയമ്മാൾ പുലർച്ചെയാണ് വിവരം അറിയുന്നത്. തലേന്നു രാത്രി ഭക്ഷണത്തിനു ശേഷം വൈറ്റമിൻ ഗുളികയിൽ വിഷം കലർത്തി കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണു പൊലീസ് നിഗമനം. ശിവരാജൻ രാത്രിയിൽ നൽകിയ ഗുളിക തങ്ങൾ കഴിക്കുകയായിരുന്നെന്നാണു മകൻ അർജുൻ പൊലീസിനു മൊഴി നൽകിയത്. വൈറ്റമിൻ ഗുളിക ഇടയ്ക്കു നൽകിയിരുന്നതിനാൽ സംശയം തോന്നിയില്ലെന്നും പറഞ്ഞു.
കനിയമ്മാളിന്റെ മുറിയിൽ കിടന്നിരുന്ന അർജുൻ വെളുപ്പിനു നാലുമണിക്കു ഛർദിച്ചതിനെത്തുടർന്നു എഴുന്നേറ്റപ്പോൾ തൊട്ടടുത്ത മുറിയിൽ നിന്ന് ബിന്ദു ഛർദിക്കുന്ന ശബ്ദം കേട്ട് അവിടേക്കു ചെല്ലുകയായിരുന്നു. മുറിയിൽ അവശയായ നിലയിൽ ഇരിക്കുന്ന ബിന്ദുവിനെയും സമീപം അനക്കമില്ലാതെ കിടക്കുന്ന ശിവരാജനെയുമാണു കണ്ടത്. മുകളിലത്തെ നിലയിൽ അഭിരാമിയെയും കണ്ടതോടെ അർജുൻ ശിവരാജന്റെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ആംബുലൻസിൽ അർജുനെയും ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചു. ശിവരാജനും അഭിരാമിയും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
വിഴിഞ്ഞം പുളിങ്കുടിയിൽ ജ്വല്ലറി നടത്തുകയാണു ശിവരാജൻ. ബിന്ദു വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക ജീവനക്കാരിയാണ്. ഡിഗ്രി പഠനം പൂർത്തിയാക്കിയ മകൾ അഭിരാമി നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ പിഎസ്‌സി, ബാങ്ക് പരീക്ഷകൾക്കു തയാറെടുക്കുകയായിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അർജുൻ. മൃതദേഹങ്ങൾ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിലെ തമിഴ് വിശ്വബ്രഹ്മസമാജം ശ്മശാനത്തിൽ സംസ്കരിച്ചു.