വെണ്ണിയോട് (വയനാട്): 5 വയസ്സുള്ള മകളുമായി പുഴയിലേക്കു ചാടിയ ഗർഭിണി മരിച്ചു. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ആണു മരിച്ചത്. പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചിൽ വിഫലമായി. 2023 ജൂലൈ 13 വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. 4 മാസം ഗർഭിണിയായ ദർശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കൽ കടവിലുളള നടപ്പാലത്തിൽനിന്നു താഴേക്കു ചാടുകയായിരുന്നു. വെളളിയാഴ്ച വൈകിട്ടോടെയാണ് ദർശനയുടെ മരണം.
യുവതിയും കുഞ്ഞും പുഴയിൽ ചാടിയത് കണ്ടയാൾ അറിയിച്ചതിനെ തുടർന്ന്, സമീപത്തെ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന നിഖിൽ എന്ന യുവാവു പുഴയിൽ ചാടി ദർശനയെ കരയ്ക്കെത്തിക്കുകയായിരുന്നു. ദർശനയെ കൽപറ്റയിലെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണു ദർശന കുഞ്ഞുമായി പുഴയിലേക്കു ചാടിയത്. ദക്ഷയ്ക്കായി വ്യാഴാഴ്ച മുതൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കമ്പളക്കാട് സിഐ കെ. അജീഷിന്റെ നേതൃത്വത്തിൽ പൊലീസും കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും എത്തിയിരുന്നു. സിഐ പുഴയിലിറങ്ങി തിരച്ചിലിന് നേതൃത്വം നൽകി. തിരച്ചിൽ തുടരും..

