വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍അംഗീകരിക്കാനാവില്ലെന്ന് വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ

കോഴിക്കോട് : വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കാവുന്നതാണ്.

പല വിവരാവകാശ അപേക്ഷകള്‍ക്കും വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍ നല്‍കുന്നതായി കാണുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത വിവരാവകാശ ഓഫീസർമാർക്കുണ്ട്. ഒഴിവുകഴിവുകള്‍ പറഞ്ഞ് വിവരം നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടാനാവില്ല. കൂടുതല്‍ മനുഷ്യാദ്ധ്വാനവും സമയവും എടുത്ത് ചില വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കാൻ ബുദ്ധിമുണ്ടാകാം. എന്നാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കാവുന്നതാണ്. എളുപ്പത്തില്‍ ക്രോഡീകരിച്ച്‌ നല്‍കാൻ കഴിയുന്ന വിവരങ്ങള്‍ പോലും നല്‍കുന്നതായി കാണുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു

തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ജില്ലയില്‍ നിയമം ലംഘിച്ചതിന് എത്ര ഭൂവുടമകള്‍ക്കെതിരെ കേസെടുത്ത് ശിക്ഷ നടപ്പാക്കി എന്നും എത്ര വാഹനങ്ങള്‍ നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള കോണോട്ട് പുത്തൻവീട്ടില്‍ വിനോദ് കുമാറിൻ്റെ ചോദ്യത്തിന് ക്രോഡീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്ന പരാതിയില്‍ ഒരു മാസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ ഭൂരേഖ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് കമ്മീഷൻ നിർദ്ദേശിച്ചു.

ഹിയറിങ്ങില്‍ ഹാജരാവാത്ത മമ്പാട് എംഇഎസ് കോളേജിലെ വിവരാവകാശ ഓഫീസർക്കും അപ്പീല്‍ അധികാരിക്കും കേരള സ്റ്റേറ്റ് ബീററേജസ് കോർപ്പറേഷൻ പെരുന്തല്‍മണ്ണ വെയർഹൗസ് മുൻ വിവരാവകാശ ഓഫീസർക്കും അപ്പീല്‍ അധികാരിക്കും ഹാജരാവൻ സമൻസ് അയക്കും.

വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കണം

വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കണമെന്ന് മാനന്തവാടി ഇലക്‌ട്രിക്കല്‍ സെക്ഷൻ എസ് പി ഐ ഒയോട് കമ്മീഷൻ നിർദ്ദേശിച്ചു. രേഖകളുടെ പകർപ്പ് നല്‍കുമ്പോള്‍ അവ വ്യക്തവും വായിക്കാൻ കഴിയുന്ന തരത്തിലുള്ളതും ആയിരിക്കണമെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് നിർദ്ദേശിച്ചു. കോഴിക്കോട് ഹിയറിങ്ങില്‍ 13 അപ്പീല്‍ ഹർജികള്‍ തീർപ്പാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →