തൃശൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലൻപീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിച്ചത്. ഫാമിൽ 370 ഓളം പന്നികളാണുണ്ടായിരുന്നത്. പന്നിഫാമിനോട് ചേർന്നുള്ള വിജനമായ സ്ഥലത്ത് വലിയ കുഴികളെടുത്ത് കുഴിച്ചിടുകയായിരുന്നു. ഒരു കുഴിയിൽ 40 ഓളം പന്നികളെയാണ് സംസ്കരിച്ചത്.
അതേ സമയം കോടശേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കർഷകർ ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഫാമിൽ നിന്നു മറ്റിടങ്ങളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദാന്വേഷണം നടത്തുന്നുണ്ട്. ചെക്പോസ്റ്റുകൾ വഴിയുള്ള പന്നിക്കടത്തിനും നിയന്ത്രണമേർപ്പെടുത്തി. ഇതുവഴി പന്നികൾ മറ്റുസ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ എന്നാണ് തിരക്കുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങൾക്കുള്ളിലെ കണക്കെടുക്കാനാണ് നിർദേശിച്ചത്. ചെക്പോസ്റ്റുകൾക്കു പുറമേ മറ്റു പ്രവേശനമാർഗങ്ങളിലും പരിശോധന നടത്തും.
പോലീസ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് ആക്ഷൻ റെസ്പോൺസ് ടീം രംഗത്തുണ്ടാകും. ഇവർ പ്രവർത്തനം തുടങ്ങി. കർശനപരിശോധന നടത്തിയ ശേഷമേ അതിർത്തി കടന്നുവരാനാകൂ. പന്നിപ്പനി വൈറസ് കണ്ടെത്തിയാൽ വെറ്ററിനറി ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. തുടർ നടപടിക ആലോചിച്ച് സ്വീകരിക്കും. ഏതാനും മാസങ്ങൾക്കു മുമ്പും ആഫ്രിക്കൻ പനി പലയിടത്തും പടർന്നിരുന്നു. രോഗം പെട്ടെന്ന് പടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മുൻകരുതൽ സ്വീകരിച്ചാൽ രോഗബാധ പടരാതെ തടയാനാകുമെന്നും അറിയിച്ചു.
കുറച്ചുനാളുകൾക്ക് മുമ്പ് കോടശ്ശേരിയിലെ ഫാമിൽ കൂട്ടത്തോടെ 80ൽ പരം പന്നികൾ ചത്തൊടുങ്ങിയതോടെയാണ് പന്നിപ്പനി ബാധിച്ചെന്ന സൂചന ലഭിച്ചത്. തുടർന്ന് ബാംഗ്ലൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ മരണകാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പോലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും നടത്തിവരികയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഈ ഫാമിൽനിന്നും പന്നിമാംസമോ, പന്നികളേയോ വില്പനയ്ക്കായി കൊണ്ടുപോയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെ മറ്റ് സ്ഥലങ്ങളിലും ആഫ്രിക്കൻ പനി ബാധിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയും ഇല്ലാതായി. രോഗം ബാധിച്ച ഫാമിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പന്നിഫാമുകളില്ലെന്നും കണ്ടെത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തികൾ.

