ഭോപാൽ: കമിതാക്കളെ വെടിവച്ചുകൊന്ന്, മൃതദേഹങ്ങൾ മുതലകൾ നിറഞ്ഞ പുഴയിൽ കല്ലുകെട്ടിത്താഴ്ത്തി. പിന്നിൽ പെൺകുട്ടിയുടെ വീട്ടുകാരാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശിലെ മൊറീന ജില്ലയിൽ രത്തൻബസായ് ഗ്രാമത്തിലെ ശിവാനി (18), സമീപ ഗ്രാമമായ ബാലുപുരയിൽ താമസിക്കുന്ന രാധേശ്യാം തോമർ (20) എന്നിവരാണു കൊല്ലപ്പെട്ടത്. 2023 ജൂൺ മാസം 3ന് ആണ് കൊലപാതകം നടത്തിയതെന്നു പ്രതികൾ സമ്മതിച്ചു..
കാണാതായ മകനെ ശിവാനിയുടെ വീട്ടുകാർ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് തോമറിന്റെ പിതാവ് പരാതിപ്പെട്ടതിനെത്തുടർന്ന് അംബ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തതിൽനിന്നാണു ദുരഭിമാനക്കൊലയാണെന്നു വ്യക്തമായത്. ഇവരുടെ സ്നേഹബന്ധത്തിൽ വീട്ടുകാർ കടുത്ത എതിർപ്പിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
.ഏതാനും ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നു. ഒളിച്ചോടിയതാകുമെന്നാണു ഗ്രാമീണർ കരുതിയതെന്നു പൊലീസ് പറഞ്ഞു. 2023 മേയിൽ ഒളിച്ചോടിയ ഇവരെ പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു.

