സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ട; സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്ന സന്ദേശം ബിജെപിയും കോൺഗ്രസും നടത്തിയ സമരങ്ങൾ സമൂഹത്തിന് നൽകി – സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗ ബാധ കൂടിയിട്ടുണ്ടെങ്കിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പാടില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജന ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കും, സാധാരണക്കാരുടെ ജീവിത മാർഗ്ഗങ്ങൾ അടയും. കൊറോണ ബാധ തടയുന്നതിന് ലോക്ക്ഡൌണിലൂടെ കഴിയുകയുമില്ല. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ കൊടിയേരി ബാലകൃഷ്ണൻ ബിജെപി, കോൺഗ്രസ് നേതൃത്വങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.

ബിജെപിയും കോൺഗ്രസും സമീപകാലത്ത് നടത്തിയ സമരങ്ങൾ എല്ലാം തന്നെ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് സമൂഹത്തിന് നൽകിയിട്ടുള്ളത്. മുതിർന്ന നേതാക്കൾ തന്നെ സാമൂഹിക അകലം പാലിക്കാതെ പരിപാടികളിൽ സന്നിഹിതരായി.

കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് സർക്കാരിനെ കേരളത്തിൽ ആക്രമിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പറയുന്നത് കോൺഗ്രസ് ഏറ്റു പിടിക്കുന്ന സ്ഥിതിയാണ്. ഇവരുടെ പ്രചാരണങ്ങളെ നേരിടുന്നതിന് പോകാതെ സർക്കാർ അതിൻറെ പ്രഖ്യാപിത വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബിജെപിയെയും കോൺഗ്രസിനെയും പ്രചരണപരിപാടികൾ നേരിടുവാൻ അല്ല പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും നയങ്ങളും ജനങ്ങളിൽ പ്രചരിപ്പിക്കുന്നതാണ് ഊന്നൽ നൽകുക. സർക്കാരിൻറെ ജനപങ്കാളിത്തം ആവശ്യമുള്ള പദ്ധതികളിൽ അത് ഉറപ്പാക്കുന്നതിന് പാർട്ടിയും ഇടതുപക്ഷ മുന്നണിയും പ്രവർത്തിക്കും.

സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. നേരത്തെ അത് മനസ്സിലായിട്ടുള്ളതാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച് സർവകക്ഷി സമ്മേളനത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട് സർക്കാർ തീരുമാനം എടുക്കട്ടെ എന്നാണ് സിപിഎം നിലപാട്. പിടികിട്ടാത്ത സ്ഥിതിയിലേക്ക് കൊറോണ വ്യാപനം ഉയർന്നു പോയാൽ സമ്പൂർണ ലോക ഡൗൺ നടപ്പാക്കേണ്ടി വന്നേക്കാം. അത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് ഉള്ളത്.

കേരളത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ കോൺഗ്രസ് ഗവൺമെൻറ് കൺസൾട്ടൻസി സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയോധ്യയിലെ ശ്രീ രാമക്ഷേത്രം നിർമ്മാണത്തിൽ കൺസൾട്ടൻസി സേവനം ഉപയോഗപ്പെടുത്തിയതും പുറത്തുവന്നിരിക്കുകയാണ്. എല്ലാ ഗവൺമെൻറുകളും കൺസൾട്ടൻസി സേവനം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് സാധാരണമാണ്.

സർക്കാരിൻറെ ഏതെങ്കിലും കൺസൾട്ടൻസി നിയമനങ്ങൾ റദ്ദാക്കാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. സെക്രട്ടറിയേറ്റിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണത്തിന്‍റെ ഭാഗമായി എത്തുന്നതിന് സർക്കാരോ പാർട്ടിയോ തടസ്സപ്പെടുത്തുകയില്ല. കേസന്വേഷണത്തിന് ഭാഗമായി അന്വേഷണ ഏജൻസികൾക്ക് എവിടെയും പ്രവേശിക്കുന്നതിന് അവകാശമുണ്ട്.

മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫിന്റെ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെക്കേണ്ടത് ഇല്ല. അങ്ങനെ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ ആണെങ്കിൽ അത് ക്രോഡീകരിച്ച് മാധ്യമങ്ങളോട് പറയുന്നതിനേക്കാൾ നല്ലത് പ്രൈവറ്റ് സ്റ്റാഫിനോട് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കാൻ പറയുന്നതല്ലേ എന്ന് കൊടിയേരി ബാലകൃഷ്ണൻ ചർച്ചകളുടെ ഉള്ളടക്കം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →