ചെന്നൈ: ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍.വി.എസ്-01ന്റെ വിക്ഷേപണം വിജയം. 50 നാനോസെക്കന്‍ഡില്‍ 20 മീറ്റര്‍വരെ കൃത്യതയോടെ ഗതിനിര്‍ണയം നടത്താന്‍ ശേഷിയുള്ള രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണു എന്‍.വി.എസ്-01. 30/05/23 ചൊവ്വാഴ്ച രാവിലെ 10.42 നു ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നു ജി.എസ്.എല്‍.വി റോക്കറ്റിലേറിയാണ് എന്‍.വി.എസ്-01 ബഹിരാകാശത്തേക്കു കുതിച്ചത്. 20 മിനിറ്റ്കൊണ്ട് 251.52 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. ഇന്ത്യ കേന്ദ്രീകരിച്ചു 1,500 കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്യയോടെ ഗതിനിര്‍ണയം നടത്താന്‍ എന്‍.വി.എസ്-01 നു കഴിയുമെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
ഐ.എസ്.ആര്.ഒയുടെ നാവിക് ശ്രേണിക്കായി വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണിത്. സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാന്‍ ഐ.എസ്.ആര്.ഒ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ സംവിധാനമാണു നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന് (നാവിക്). അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.ഇന്ത്യയുടെ നാവിഗേഷന്‍ ഉപഗ്രഹമായിരുന്ന ഐ.ആര്.എന്‍.എസ്.എസ്.1ജി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണു എന്‍.വി.എസ് 01 വിക്ഷേപിച്ചത്. ഗതിനിര്‍ണയത്തിന് ഇപ്പോള്‍ ആശ്രയിക്കുന്ന ജി.പി.എസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, ചൈനയുടെ ബെയ്ദു എന്നിവയുമായി സഹകരിച്ചു സേവനം ചെയ്യാന്‍ നാവികില്‍ സംവിധാനമുണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സര്‍വീസ്(എസ്.പി.എസ്) എന്നാണ് ഇന്ത്യയുടെ സംവിധാനം അറിയപ്പെടുക. നാസ തയാറാക്കിയ ജി.പി.എസിനെയാണ് ഇപ്പോഴും പല ആപ്ലിക്കേഷനുകളും ആശ്രയിക്കുന്നത്.

