ഒരു പാരസെറ്റാമോൾ പോലും താനും കുടുംബവും സർക്കാർ ചെലവിൽ വാങ്ങിയിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ

കാസർകോഡ്: എംഎൽഎ ആയിരിക്കെ മാസങ്ങളോളം വിദേശത്ത് ബിസിനസ് ആവശ്യങ്ങൾക്കായി താമസിക്കാറുള്ളതിനാൽ നിലമ്പൂരെ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നുപോകുന്നുവോ എന്ന ആക്ഷേപത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കപ്പെടുന്നുവെന്ന് പി വി അൻവർ പറയുന്നു. റീ ബിൽഡ് നിലമ്പൂരിലൂടെ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകാനും കൃത്യമായി നഷ്ടപരിഹാരം വാങ്ങിച്ചുനൽകാനും സാധിച്ചു. റീ ബിൽഡ് നിലമ്പൂരിനായി താൻ 16 ലക്ഷം രൂപ കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റിഫോർ ന്യൂസിന്റെ സംവാദ വേദിയായ ജനകീയ കോടതിയിൽ തന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളിൽ താൻ നടത്തിയ ഇടപെടലുകളും വിശദീകരിക്കുകയായിരുന്നു. പി വി അൻവർ. തന്റെ ഏഴ് സ്റ്റാഫുകൾ ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്കായി സദാ സന്നദ്ധരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഏഴ് സ്റ്റാഫാണ് എംഎൽഎ ഓഫിസിലുള്ളത്. സർക്കാർ തരുന്ന ശമ്പളത്തിൽ നിന്ന് ഒരു ബ്രിട്ടാണിയ ബിസ്‌കറ്റ് പോലും പി വി അൻവർ വാങ്ങിക്കഴിച്ചിട്ടില്ല. ഒന്നര, ഒന്നേമുക്കാൽ ലക്ഷം രൂപ സാലറി നൽകുന്ന സ്റ്റാഫംഗങ്ങളാണ് നിലമ്പൂരിൽ ജനങ്ങളുടെ ആവശ്യത്തിനായി പ്രവർത്തിച്ചുവരുന്നത്’. പി വി അൻവർ പറഞ്ഞു. പാവങ്ങളുടെ പണം കൊണ്ട് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നവരെ പോലെയല്ല താനെന്നും ഒരു പാരസെറ്റാമോൾ പോലും താനും കുടുംബവും സർക്കാർ ചെലവിൽ വാങ്ങിയിട്ടില്ലെന്നും പി വി അൻവർ ജനകീയ കോടതിയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധിഖ് പന്താവൂരിന്റെ വിയോജിപ്പുകൾക്കും കൂടിയായിരുന്നു അൻവറിന്റെ മറുപടി.

മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ ഏഴ് പേരെ ഏൽപ്പിച്ചെന്നത് കോടതിയുടെ വിമർശനങ്ങൾക്ക് ഇടയാക്കി. ശതകോടീശ്വരൻമാർ എംഎൽഎമാരാകുകയും ഉത്തരേന്ത്യൻ സ്റ്റൈലിലേക്ക് ഭരണം മാറുകയും ചെയ്യുന്നത് ജനാധിപത്യപ്രക്രിയയെ എവിടെയെത്തിക്കുമെന്ന് ജനകീയ കോടതിയുടെ ന്യായാധിപൻ ജസ്റ്റിസ് കെമാൽ പാഷ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ശതകോടീശ്വരൻ, രാഷ്ട്രീയക്കാരൻ, ജനപ്രതിനിധി എന്നീ മൂന്ന് മുഖങ്ങളുള്ളപ്പോൾ പി വി അൻവർ വിവാദങ്ങളുടെ തോഴനായി മാറുന്നതെങ്ങനെയെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →