ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ കഠിന പരിശ്രമത്തിലാണ് ലോകം. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി 17 രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ അന്തിമവിജയത്തിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ് മനുഷ്യരില്‍ ഒന്നും രണ്ടും ഘട്ടപരീക്ഷണങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പല രാജ്യങ്ങളും വലിയ അളവില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇത് വന്‍കിട രാജ്യങ്ങളുടെ സമ്മര്‍ദ്ദത്താലാണെന്നാണ് ആരോപണം. നിരീക്ഷണ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാതെയാണെങ്കില്‍പോലും തങ്ങളുടെ രാജ്യത്തെ പൗരന്മാരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി നടത്തുന്ന ഈ കിടമല്‍സരത്തില്‍ വികസ്വര- അവികസിത രാജ്യങ്ങള്‍ പിന്‍തള്ളപ്പെട്ടു പോവുന്നുവെന്നതാണ് വാസ്തവം.
ഔഷധനിര്‍മാണ കമ്പനികള്‍ നിര്‍മിക്കുന്ന വാക്‌സിനുകളും മരുന്നുകളും വികസിത രാജ്യങ്ങള്‍ മൊത്തമായി വാങ്ങാന്‍ കരാറുകളുണ്ടാക്കുന്നു. ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ്- 19 വാക്‌സിന്റെ ആദ്യ 100 മില്യണ്‍ ഡോസുകള്‍ ഡിസംബറില്‍ അമേരിക്കയില്‍ വിതരണം ചെയ്യും. ഇതുസംബന്ധിച്ച് കരാര്‍ ഫൈസര്‍ കമ്പനിയുമായി ഒപ്പുവച്ചതായി അമേരിക്കന്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലക്‌സ് ആസര്‍ അറിയിച്ചു. കരാര്‍പ്രകാരം ഫൈസറില്‍നിന്ന് 500 മില്യണ്‍ ഡോസ് വാക്‌സിന്‍കൂടി അമേരിക്കയ്ക്ക് ലഭിക്കും.
ഒന്നിലധികം വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ വാര്‍പ് സ്പീഡിന്റെ ഭാഗമാണ് ഈ കരാര്‍. 2021 ജനുവരിയോടെ അമേരിക്കയില്‍ 300 മില്യണ്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വാക്‌സിന്‍ വികസിപ്പിക്കുന്നതും മറ്റ് രാജ്യങ്ങളില്‍നിന്ന് വാക്‌സിന്‍ വാങ്ങുന്നതു സംബന്ധച്ച നടപടിക്രമങ്ങളും വേഗത്തിലാക്കിയിരിക്കുകയാണ്.
ഈ പാത പിന്തുടര്‍ന്ന് മറ്റ് വികസിത രാജ്യങ്ങളും തുനിഞ്ഞിറങ്ങിയാല്‍ അടുത്ത ഏതാനും വര്‍ഷം ഔഷധനിര്‍മാണ കമ്പനികള്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍ മൊത്തമായി വന്‍കിട രാജ്യങ്ങളുടെ പക്കലെത്താനാണ് സാധ്യത. വികസ്വര- അവികസിത രാജ്യങ്ങള്‍ കിടമല്‍സരത്തില്‍ പിന്‍തള്ളപ്പെടാന്‍ സാധ്യത ഏറെയാണ്. മരുന്നും ചികിത്സയും നല്ലനിലയില്‍ ലഭിക്കാതെ അവിടങ്ങളില്‍ മരണനിരക്ക് ഏറുമെന്ന് ചുരുക്കം.

