റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി യുവാവിന്റെ മരണം പോലീസിന് പട്ടികവര്‍ഗ കമ്മിഷന്റെ രൂക്ഷവിമര്‍ശനം

February 15, 2023 - 9:36 pm

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി സംസ്ഥാന എസ്.സി.എസ്.ടി. കമ്മിഷന്‍. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച കമ്മിഷന്‍, നാലുദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍, സംസ്ഥാന പോലീസ് മേധാവിയോടും കോഴിക്കോട് കലക്ടറോടും അടിയന്തിര റിപ്പോര്‍ട്ട് തേടി. ഇന്നലെ കോഴിക്കോട്ട് നടന്ന എസ്.സി. എസ്.ടി. കമ്മിഷന്‍ സിറ്റിങ്ങില്‍ പോലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ്. മാവോജിയുടെ ഭാഗത്തുനിന്നുണ്ടായത്. പ്രധാനമായും ഇത്തരമൊരു സംഭവമുണ്ടാകാന്‍ കാരണം വിശ്വനാഥന്‍ എന്ന വ്യക്തി ആദിവാസിയായതിനാലാണെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി.

വിശ്വനാഥന്റെ മരണം ആത്മഹത്യയാണെന്നും കാരണങ്ങള്‍ അന്വേഷിക്കുന്നുവെന്നും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എ.സി.പി. കമ്മിഷനു മുമ്പാകെ നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളിയ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ്. മാവോജി രൂക്ഷമായ ഭാഷയിലാണ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ചോദിച്ചത്.

വര്‍ഷങ്ങള്‍ കാത്തിരുന്നു കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ ആശുപത്രിക്കു പുറത്ത് കാത്തുനിന്ന ഒരു മനുഷ്യന്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. കറുത്തനിറവും മോശം വസ്ത്രവും ധരിച്ച മനുഷ്യനെ ഇല്ലാത്ത കുറ്റങ്ങള്‍ കാണിച്ച് ആരെങ്കിലും പീഡിപ്പിച്ചുകാണും. അതൊന്നും സഹിക്കാനാവാതെ അയാള്‍ ജീവനൊടുക്കിയെങ്കില്‍ അതു ഗൗരവമേറിയ സംഭവമാണ്. കേവലമൊരു ആത്മഹത്യാകേസായി കാണാതെ പട്ടികജാതി/ പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരം കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മിഷന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതു സംബന്ധിച്ച് നാലു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍. പുതുക്കാമെന്നും പട്ടികജാതി/ പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി.

ആശുപത്രിക്കു പുറത്ത് ആളൊഴിഞ്ഞ പറമ്പിലാണ് വിശ്വനാഥന്റെ മൃതദേഹം കണ്ടത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യമില്ലാതെ ഇന്‍ക്വസ്റ്റ് നടത്തിയത് ഗുരുതര വീഴ്ചയാണെന്നു കമ്മിഷന്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടികവര്‍ഗ കമ്മിഷനും അടിയന്തിര റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയാല്‍ ഡി.ജി.പി., കലക്ടര്‍ എന്നിവരെ നേരിട്ടു വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം വിശ്വനാഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം കുടുംബം ഇന്നലെയും ആവര്‍ത്തിച്ചു. വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ വലിയ തോതിലുള്ള ബോധവത്ക്കരണം നടത്തിയാണ് പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലേക്കെത്തിക്കുന്നത്. വീടുകളില്‍ തന്നെ പ്രസവത്തിനു വിധേയമാകുന്ന പ്രവണത മാറ്റാനുള്ള നീക്കമാണ് ഈ ബോധവത്ക്കരണങ്ങളിലൂടെ ഉദേശിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആശുപത്രികളിലെത്തുന്ന ആദിവാസികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിനല്‍കുന്നില്ലെന്ന് മാത്രമല്ല, മാന്യമായ പെരുമാറ്റം പോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നാണു പരാതി. വയനാട്ടിലും ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. വയനാട് മെഡിക്കല്‍ കോളജ് ആധുനിക ചികിത്സാസൗകര്യങ്ങളോടെ ആരംഭിക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി.
വയനാട് മെഡിക്കല്‍ കോളജില്‍നിന്നാണ് വിശ്വനാഥനെയും ഭാര്യയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും എത്തിയിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് വിശ്വനാഥനു കുഞ്ഞ് പിറന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനെയും ഭാര്യയെയും ആശുപത്രിക്കകത്തു കയറി കാണാന്‍ വിശ്വനാഥന്‍ തിടുക്കം കൂട്ടിയിരുന്നു. സുരക്ഷാജീവനക്കാര്‍ ഇതിനു സമ്മതിച്ചില്ലെന്നാണു കരുതുന്നത്. മെഡിക്കല്‍ കോളജിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിലൊന്നും തന്നെ വിശ്വനാഥന് മര്‍ദ്ദനമേല്‍ക്കുന്നതോ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയമാകുന്നതോ ആയ ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്.

മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെ ഒ.പി. വിഭാഗത്തിനുമുന്നില്‍ നിന്നാണ് വിശ്വനാഥന്‍ അസ്വസ്ഥതയോടെ ഓടിപ്പോയത്. തൊട്ടുമുന്നിലെ റോഡ് കടന്ന് ആളൊഴിഞ്ഞ പറമ്പിലേക്കു കടന്നാണ് അപ്രത്യക്ഷനായത്. ഈ പറമ്പിലെ മരക്കൊമ്പിലാണ് വിശ്വനാഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിശ്വനാഥനെ കാണാതായെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴും മാന്യമായ പെരുമാറ്റമല്ല പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ബന്ധുക്കള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *