കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മോഷണക്കുറ്റം ചുമത്തി ആള്‍കൂട്ടം മര്‍ദ്ദിച്ച ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍. കഴിഞ്ഞദിവസം മരിച്ച കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ മൃതദേഹം ഇന്നലെ പറവയലിലെ വീട്ടില്‍ ഉച്ചയോടെ സംസ്ക്കരിച്ചു.
പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യക്ക് കൂട്ടിരിക്കാനാണ് വിശ്വനാഥന് ആശുപത്രിയിലെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് വിശ്വനാഥനെ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാജീവനക്കാര്‍ ചോദ്യംചെയ്തതില്‍ വിശ്വനാഥന് മനോവിഷമത്തില്‍ ആയിരുന്നെന്നാണു ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

