തൃശൂർ,മണലൂർ, വടക്കേ കാരമുക്ക് കാരണത്ത് വീട്ടി ശ്രീകാന്തി (25) ന് തൃശൂർ മജിസ്രേട്ട് കോടതി അനുവദിച്ച ജാമ്യം മാണ് ജില്ലാ സെഷൻസ് കോടതി റദ്ദ് ചെയ്തത്. മണലൂർ കാരണത്ത് വീട്ടിൽ ജോബിന്റെ ഭാര്യ ശ്യാംഭവിയെ അപമാനിച്ച തിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായിരുന്നു ശ്രീകാന്ത്.
കുടുംബ ക്ഷേത്രത്തിൽ വച്ചാണ് ശ്യാംഭവിയെ വെളിച്ചപ്പാടായ ശ്രീകാന്ത് പരസ്യമായി അപമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അപമാനിക്കപ്പെട്ടതിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ യുവതി രാത്രിയിൽ തൂങ്ങിമരിച്ചു. കേസിൽ അന്തിക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും മജിസ്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നിലവിലുള്ള മാനണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്നും ഉത്തരവ് റദ്ദാക്കണമെന്നും കാട്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ കെ.ഡി ബാബു മുഖാന്തിരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മജിസ്രേട്ട് കോടതി അധികാര പരിധി മറികടന്നതായും കുറ്റകൃത്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെയാണ് കീഴ് കോടതി ജാമ്യം അനുവദിച്ചതെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
ഏഴ് ദിവസത്തിനകം പ്രതിയോട് മജിസ്രേട്ട് കോടതിയിൽ കീഴടങ്ങുവാനും കോടതി നിർദേശിച്ചു.
ക്ഷേത്രത്തിൽ കോമരം തുള്ളിയ ശ്രീകാന്ത് ആളുകൾ കേൾക്കെ യുവതിയെയും ഭർത്താവിനെയും മാറ്റി നിർത്തിയ ശേഷം യുവതി തെറ്റുകാരിയാണനും ആയതിനാൽ അമ്മയുടെ മുന്നിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
ജില്ലാ പബ്ളിക്ക് പ്രോസിക്യൂട്ടർ കെ. ഡി. ബാബുവാണ് പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത്.
ക്ഷേത്രത്തിൽ വച്ച് വെളിച്ചപ്പാട് അധിക്ഷേപിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കീഴ്ക്കോടതി വെളിച്ചപ്പാടിന് നൽകിയ ജാമ്യം മേൽക്കോടതി റദ്ദാക്കി.

