മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാം പുരുഷ സിംഗിള്‍സ് കിരീടം
സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു ജോക്കോ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 6-3, 7-6 (4), 7-6 (5). കരിയറിലെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോയുടേത്. കരിയറില്‍ ആകെ 22 ഗ്രാന്‍സ്ലാമുകളും നേടി. ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റാഫേല്‍ നദാലിന്റെ റെക്കോഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. കോവിഡ് -19 വൈറസ് വാക്സിനെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ജോക്കോയ്ക്കു കഴിഞ്ഞ സീസണില്‍ ഇവിടെ മത്സരിക്കാനായില്ല. കിരീട നേട്ടത്തോടെ സെര്‍ബിയന്‍ താരം ലോക ഒന്നാം നമ്പര്‍ സ്ഥാനത്തു തിരിച്ചെത്തി.
റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരം 2021 സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിനു സമാനമായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടം 6-7 (6), 2-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് അവസാനിച്ചത്. തുടക്കം മുതല്‍ തന്നെ ആധിപത്യത്തോടെയാണ് സെര്‍ബിയന്‍ താരം കളിച്ചത്. ഒന്നാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ സിറ്റ്സിപാസിന്റെ സര്‍വീസ് ബ്രേക്ക് ചെയ്യാന്‍ ജോക്കോയ്ക്കായി. 6-3 നു ജോക്കോ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സിറ്റ്സിപാസ് ശക്തമായ പോരാട്ടം കാഴ്ചവച്ചു. സര്‍വീസ് ബ്രേക്ക് ചെയ്യാന്‍ അനുവദിക്കാതെ കരുതലോടെയാണു താരം കളിച്ചത്. രണ്ടാം സെറ്റ് 6-6 എന്ന നിലയിലായതോടെ ടൈബ്രേക്കറിലേക്ക് കടന്നു. ടൈബ്രേക്കറില്‍ സിറ്റ്സിപാസിന് പിഴച്ചു. അതോടെ രണ്ടാം സെറ്റും ജോക്കോയ്ക്കു സ്വന്തം. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം കണ്ടു. രണ്ടാം സെറ്റിന്റെ ആവര്‍ത്തനമെന്നപോലെ മൂന്നാം സെറ്റും ടൈ ബ്രേക്കറിലേക്ക് കടന്നു. പരിചയസമ്പത്ത് ജോക്കോവിച്ചിനെ സമ്മര്ദഘട്ടത്തില് തുണച്ചപ്പോള്‍ ഗ്രീക്ക് താരത്തിനു പിടിച്ചുനില്‍ക്കാനായില്ല. 7-5 നു സെറ്റ് സ്വന്തമാക്കി.
2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 സീസണുകളിലും ജോക്കോ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായി. ആറുവട്ടം ജേതാവായ ഓസ്ട്രേലിയയുടെ റോയ് എമേഴ്സണ്‍ ആണു രണ്ടാമത്. 1961, 1963, 1964, 1965, 1966, 1967 സീസണുകളിലാണ് എമേഴ്സണ്‍ ജേതാവായത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും ആറു വട്ടം കിരീടം നേടി. 2004, 2006, 2007, 2010, 2017, 2018 സീസണുകളിലാണ് ഫെഡറര്‍ ജേതാവായത്. ഓസ്ട്രേലിയയുടെ ജാക്ക് ക്രാഫോഡ് നാലു വട്ടം (1931,1932, 1933, 1935) ജേതാവായി. ഓസ്ട്രേലിയയുടെ കെന്‍ റോസ്വാളും ഇവിടെ നാലു തവണ കിരീടത്തില്‍ മുത്തമിട്ടു (1953, 1955, 1971, 1972). യു.എസിന്റെ ഇതിഹാസ താരമായിരുന്ന ആന്ദ്രെ അഗാസിയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലുതവണ ജേതാവായി. 1995, 2000, 2001, 2003 സീസണുകളിലാണ് അഗാസി കിരീടത്തില്‍ മുത്തമിട്ടത്.
ജോക്കോയും നദാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയ താരം റോജര്‍ ഫെഡററാണ് (20). 14 ഗ്രാന്സ്ലാമുകള് നേടിയ പീറ്റ് സാംപ്രാസാണു പിന്നില്‍. 33 തവണ ഗ്രാന്സ്ലാം ഫൈനലുകള്‍ കളിച്ച താരത്തിനെതിരേ മത്സരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നെന്നു സിറ്റ്സിപാസ് മത്സരത്തിനു ശേഷം പറഞ്ഞു. ആദ്യമായാണു ഗ്രീക്ക് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. 2019, 2021, 2022 വര്‍ഷങ്ങളില്‍ സെമിയില്‍ തോറ്റു. താരത്തിന്റെ രണ്ടാം ഗ്രാന്സ്ലാം ഫൈനല്‍ കൂടിയാണിത്. വനിതകളുടെ ഡബിള്‍സില്‍ ചെക്കിന്റെ ബാര്‍ബോറ ക്രൈജിക്കോവ- കാതറിന സിനിയാകോവ സഖ്യം കിരീടം നേടി. ജപ്പാന്റെ ഷുകോ അയോമ – ഇനാ ഷിബാഹാര സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 6-4, 6-3.

