കോഴിക്കോട്: പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടതെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണു പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അവരുടേതായ അവകാശമുണ്ട്. ഒന്നിനെയും കൊല്ലുകയല്ല, മറിച്ച് സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയിലേക്കാണു നീങ്ങേണ്ടത്. കൂടുതല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു എന്നതാണു യാഥാര്‍ഥ്യം. അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. വന്യമൃഗ ശല്യം ഒഴിവാക്കാന്‍ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.
അനുമതിയോടെ വന്യമൃഗങ്ങളെ വേട്ടയാടാമെന്നു കഴിഞ്ഞദിവസം മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. വേട്ടയാടല്‍മൂലം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരില്ല. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. ഭീഷണിയെങ്കില്‍ വന്യമൃഗങ്ങളെ കൊല്ലുന്നതില്‍ തെറ്റെന്താണെന്നും ഗാഡ്ഗില്‍ ചോദിച്ചു.



