തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തി കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയതിനെ തുടന്ന് ഒളിവിൽ പോയ സ്വപ്ന സുരേഷ് ഒരു ചാനലിന് നൽകിയ ടെലിഫോൺ സന്ദേശത്തിലൂടെ ഇപ്പോഴത്തെ സംഭവവികാസങ്ങളും വിവാദങ്ങളും തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചു എന്നും തന്നെ ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കരുത് എന്നും അഭ്യർത്ഥിച്ചു.
ഇലക്ഷൻ മുന്നിൽക്കണ്ട് നടത്തുന്ന ഇപ്പോഴത്തെ വിവാദങ്ങൾ മുഖ്യമന്ത്രിയെയും മറ്റുള്ളവരെയും ബാധിക്കുകയില്ല. തന്നെയും കുടുംബത്തെയും മാത്രമാണ് ബാധിക്കുന്നത് എന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ഐടി വകുപ്പിൽ നിന്ന് കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ യു എ ഇ കോൺസുലേറ്റിൽ നിന്ന് കിട്ടുന്നുണ്ട്. കോൺസുലേറ്റിൽ നിന്ന് ആരും പിരിച്ചു വിട്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വരെ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്നു. യുഎഇ യെ ചതിക്കുന്ന ഒന്നും ചെയ്യില്ല. അവിടെ ജനിച്ചുവളർന്നതിന്റെ സ്നേഹമാണ് അത്. കോൺസുലേറ്റ് ജനറൽ ഫോണിൽ വിളിച്ച് ഇടപെടാൻ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് കസ്റ്റംസിലെ രാമമൂർത്തി എന്ന സാറിനെ വിളിച്ചത്. ഒരു കാർഗോ വന്നിട്ടുണ്ട് , വിട്ടു കിട്ടിയിട്ടില്ല അത് അന്വേഷിക്കണം എന്ന് കോൺസൽ ജനറൽ ആവശ്യപ്പെട്ടതു കൊണ്ടാണ് കസ്റ്റംസിലെ ഉദ്യോഗസ്ഥനെ വിളിച്ചത്. അതിനപ്പുറം യാതൊരു ബന്ധവും ഈ സംഭവവുമായി ഇല്ല.
കോൺസൽ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ മാത്രമാണ് ചെയ്തിട്ടുള്ളത് . കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ യു എ ഇ യുടെ കാര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. യു എ ഇ യിൽ നിന്ന് ഇവിടെ വരുന്ന ഭരണാധികാരികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. അതിൻറെ ഭാഗമായി മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ തുടങ്ങി നിരവധി പേരെ കണ്ടിട്ടുണ്ട്. അതെല്ലാം ഒരു ഡിപ്ലോമാറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിന് വേണ്ടിയായിരുന്നു.
യുഎഇ സർക്കാരിൻറെ താൽപര്യ പ്രകാരം സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവുമായും സംസാരിച്ചിട്ടുണ്ട് എന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്ഥിര വരുമാനം ഇല്ലാത്ത അനുജൻ, വിധവയായ അമ്മ, രണ്ടു കുട്ടികൾ വാടകവീട്ടിൽ താമസം, ഇതാണ് ജീവിത യാഥാർത്ഥ്യം എന്നും സ്വപ്ന സുരേഷ് സന്ദേശത്തിൽ പറയുന്നുണ്ട്.

