കണ്ണൂര്‍: അഞ്ചരക്കണ്ടിക്കടുത്തെ വേങ്ങാട് ഊര്‍പ്പള്ളിയില്‍ വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു മുഴുവന്‍ സാധനങ്ങളും കത്തിയമര്‍ന്നു. ജീനിലയത്തിലെ നന്ദനന്റെ വെളിച്ചെണ്ണ മില്ലിനാണ് വ്യാഴാഴ്ച (19.01.2023) തീപിടിച്ചത്. മുഴുവന്‍ യന്ത്രസാമഗ്രികളും കത്തിനശിച്ചു. 50 ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. നന്ദനന്റെ വീടിനു സമീപത്തുതന്നെയുള്ള ജെജെ ട്രേഡേഴ്സ് വെളിച്ചെണ്ണ മില്ലിനാണു തീപിടിച്ചത്. സംഭവസമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. പ്രദേശവാസികളാണ് ശബ്ദംകേട്ട് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തീ പുറത്തേക്കു പടരും മുന്‍പെ അടുത്തുള്ള വാഹനങ്ങളെല്ലാം നാട്ടുകാര്‍ നീക്കം ചെയ്തു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മില്ലില്‍ നിരവധി പേരായിരുന്നു ജോലിചെയ്തുവരുന്നത്. മുഴുവന്‍ ഉപകരണങ്ങളും യന്ത്രസാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. അതോടൊപ്പം കൊപ്ര, പിണ്ണാക്ക് തുടങ്ങിയ നിരവധി വസ്തുക്കളും നശിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിലായി ജെജെ ട്രേഡേഴ്സ് വെളിച്ചെണ്ണ വിതരണം നടത്തിവരികയായിരുന്നു.
വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു; അരക്കോടിയുടെ നഷ്ടം
