കൂട്ടുകാരന്റെ മകളെ പീഡിപ്പിച്ച 53കാരന് 14 വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: കൂട്ടുകാരന്റെ മകളായ ബാലികയെ പീഡിപ്പിച്ച കേസില്‍ 53 കാരന് 14 വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും. തൃശൂര്‍ ചെമ്മണൂര്‍ പൊന്നരശേരി സുനിലി(53)നെ തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷിച്ചത്. 2011 ഒക്‌ടോബറിലാണ് സംഭവം. ഒമ്പതുവയസുകാരിയായ ബാലിക മുറ്റത്ത് കളിച്ച് കൊണ്ടിരിക്കേ പരിചിതനായ സുനില്‍ എത്തുകയായിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കള്‍ ഈ സമയം ജോലിസംബന്ധമായി വീടിനു പുറത്തായിരുന്നു. കുട്ടിയെ മുല്ലപ്പൂവ് പറച്ചു തരാമെന്ന് പറഞ്ഞ് കൂടെ കൊണ്ടുപോയ ഇയാള്‍ പിന്നീട് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പിന്നീടൊരിക്കല്‍ സഹോദരിയോടൊത്ത് കടയില്‍ പോയ കുഞ്ഞ് സുനിലിനെ കണ്ട് പേടിച്ച് മാതാപിതാക്കളോട് സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി. ഇതോടെ ഗുരുവായൂര്‍ പോലീസ് കേസെടുത്തു.

വിചാരണ തുടങ്ങിയതോടെ സുനില്‍ ഒളിവില്‍ പോയി. വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ജാമ്യമില്ലാതെ വിചാരണ പൂര്‍ത്തിയാക്കി. പിതാവിന്റെ സുഹൃത്തെന്ന നിലയില്‍ വിശ്വസ്തനായിരുന്ന സുനിലിന്റെ പ്രവൃത്തി അതിക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.ബി.സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.

Share
അഭിപ്രായം എഴുതാം