തിരുവനന്തപുരം:ജനതാദള്‍ (എസ്)-ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ലയനത്തിന് തത്വത്തില്‍ ധാരണ. ഏഴുവീതം ജില്ലകളിലെ പാര്‍ട്ടി അധ്യക്ഷപദവികള്‍ പങ്കിടാന്‍ തീരുമാനം. ഔപചാരിക ലയനപ്രഖ്യാപനം വൈകാതെ.
ഇടതുമുന്നണിയില്‍ രണ്ടു പാര്‍ട്ടികളായി നില്‍ക്കാതെ ഒറ്റപ്പാര്‍ട്ടിയാകണമെന്ന സി.പി.എം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ലയനതീരുമാനം. ഇതനുസരിച്ച് എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദളി (എസ്)ല്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രസിഡന്റായ ലോക് താന്ത്രിക് ജനതാദള്‍(എല്‍.ജെ.ഡി) ലയിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവിയും മന്ത്രിസ്ഥാനവും ജനതാദളി(എസ്)നായിരിക്കും. സെക്രട്ടറി ജനറല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ എല്‍.ജെ.ഡിക്കു നല്‍കിയേക്കും. ജില്ലകളുടെ കാര്യത്തില്‍ അനൗപചാരിക ധാരണയിലെത്തിയെങ്കിലും ഇരുപാര്‍ട്ടി നേതൃത്വങ്ങളും തമ്മില്‍ നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമതീരുമാനം.
കഴിഞ്ഞ ദിവസം എല്‍.ജെ.ഡി. നേതൃയോഗം ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. ബുധനാഴ്ച (18.01.2023) ചേര്‍ന്ന ജനതാദള്‍(എസ്) ഭാരവാഹി യോഗം തീരുമാനത്തെ സ്വാഗതം ചെയ്തു. തുടര്‍ചര്‍ച്ചകള്‍ക്ക് ഏഴംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഡോ. നീലലോഹിതദാസ് നാടാര്‍, ജോസ് തെറ്റയില്‍, കെ.എസ്. പ്രദീപ് കുമാര്‍, മുരുഗദാസ്, സാബു ജോര്‍ജ് എന്നിവരാണ് സമിതിയില്‍. ഇനി ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്നും പദവികളല്ല ഐക്യമാണ് പ്രധാനമെന്നും ഭാരവാഹിയോഗശേഷം ജെ.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു.

