ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി

മൂവാറ്റുപുഴ: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം ശനിയാഴ്ച (21.01.2023) കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം. കോടതിയിലാണ് സമഗ്ര അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ പത്തനംതിട്ട ഇലന്തൂരില്‍വച്ചു കൊലപ്പെടുത്തിയ കേസാണിത്. ആദ്യകുറ്റപത്രം ഈ മാസം ആറിന് എറണാകുളം ജെ.എഫ്.സി.എം. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി: ടി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് കേസന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരാണു പ്രതികള്‍. മുഹമ്മദ് ഷാഫി കഴിഞ്ഞ ജൂണ്‍ എട്ടിനാണ് റോസിലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മല്‍വിദഗ്ധനായ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ചത്. ഷാഫിയും ഭഗവല്‍സിങ്ങും ഇയാളുടെ ഭാര്യ ലൈലയും ചേര്‍ന്ന് റോസിലിയെ നരബലി നടത്തി കൊലപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം. കൊലയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടുകയും മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തു. നേരിട്ടു തെളിവുകളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് 90 ദിവസത്തിനുമുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം