തൃശൂർ: പീച്ചിയിലെ വനിതാ സഹകരണ സംഘത്തിന്റെ പാസ് ബുക്കും സീലും രസീതും ഉപയോഗിച്ചു പ്രസിഡന്റും കൂട്ടരും സമാന്തര ചിട്ടി നടത്തി 10 ലക്ഷം രൂപ തട്ടിച്ചതായി സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. പണം തിരിച്ചുപിടിക്കണമെന്നും പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ അധികാര ദുർവിനിയോഗത്തിന് കർശന നടപടിയെടുക്കണമെന്നും നിർദേശിച്ച് സഹകരണ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകി. പണം തിരിച്ചടയ്ക്കാൻ സംഘം സാവകാശം തേടിയെന്ന് സഹകരണ ജോയിന്റ് റജിസ്ട്രാർ പ്രതികരിച്ചു.
പീച്ചി പട്ടിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘമാണു പ്രതിക്കൂട്ടിൽ. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണിത്. നിക്ഷേപങ്ങൾക്ക് അധികപലിശ നൽകിയതടക്കം പലതരം ക്രമക്കേടുകൾ നടക്കുന്നെന്ന് സംഘത്തിനെതിരെ സഹകരണ വകുപ്പിനു പരാതി ലഭിച്ചിരുന്നു. സഹകരണ ചട്ടം 66 പ്രകാരം നടത്തിയ അന്വേഷണത്തിലാണു ചിട്ടി തട്ടിപ്പ് പിടികൂടിയത്. 12,500 രൂപ വരിസംഖ്യ നിശ്ചയിച്ച് 40 പേരെ ഉൾപ്പെടുത്തി സംഘം നടത്തിവന്ന ചിട്ടിക്ക് വനിതാ സഹകരണ സംഘവുമായി ഒരു ബന്ധവുമില്ലെന്നതാണു പ്രധാന കണ്ടെത്തൽ



