എ.എ.പി-ബി.ജെ.പി. കൂട്ടയടി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി എ.എ.പി, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയതോടെ ബഹളമയമായ കൗണ്‍സില്‍ യോഗം മേയര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവച്ച് പിരിഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍, മൂന്നുവട്ടം അധികാരത്തിലിരുന്ന ബി.ജെ.പിയെ തറപറ്റിച്ച് എ.എ.പി. ഭൂരിപക്ഷം നേടിയിരുന്നു.

പരസ്പരം െകെയേറ്റം ചെയ്യുകയും തള്ളിമാറ്റുകയും ചെയ്ത ഇരുകക്ഷികളിലെയും കൗണ്‍സിലര്‍മാര്‍ മേശകളും ഡെസ്‌ക്കുകളും തള്ളിമറിച്ചിട്ടു. കസേരകള്‍ വായുവിലൂടെ പറന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന നിയോഗിച്ച പ്രോടെം സ്പീക്കര്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ, തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരെ ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നാവശ്യപ്പെട്ട് എ.എ.പി. അംഗങ്ങള്‍ നടുത്തളത്തിലേക്കു കുതിച്ചു. സംസ്ഥാനസര്‍ക്കാരുമായി ആലോചിക്കാതെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ 10 പേരെ കൗണ്‍സിലിലേക്കു നാമനിര്‍ദേശം ചെയ്തതില്‍ എ.എ.പി. നേരത്തേ പ്രതിഷേധമറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പിയെ സഹായിക്കാനാണു ലെഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കമെന്ന് എ.എ.പി. ആരോപിക്കുന്നു. ബി.ജെ.പി. കൗണ്‍സിലര്‍ സത്യ ശര്‍മയെ പ്രോടെം സ്പീക്കറാക്കിയ ഗവര്‍ണറുടെ നടപടിയും എ.എ.പിയെ ചൊടിപ്പിച്ചു.തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന മുകേഷ് ഗോയലിനെയാണ് എ.എ.പി. ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചിരുന്നത്.മേയര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കുമായിരുന്നെന്നും എ.എ.പിക്കു സ്വന്തം കൗണ്‍സിലര്‍മാരുടെ പോലും പിന്തുണയില്ലെന്നുമാണു ബി.ജെ.പിയുടെ അവകാശവാദം.

Share
അഭിപ്രായം എഴുതാം