തലശേരി: പൂട്ടിയിട്ട വീടാണെന്ന് കരുതി മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരെ കൈയോടെ പിടികൂടി നാട്ടുകാരും പോലീസും. വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെയാണ് പുലര്‍ച്ചെ രണ്ടോടെ നാട്ടുകാരും പോലീസും വീട് വളഞ്ഞു പിടികൂടിയത്. വലിയന്നൂരിലെ കടമ്പൂര്‍ ശ്രീകൃഷ്ണ നിവാസില്‍ സന്തോഷ് (42), പയ്യന്നൂര്‍ പെരിങ്ങോം കൊരങ്ങാട് സ്വദേശി അഞ്ചില്ലത്ത് മുനീര്‍ (40) എന്നിവരെയാണ് എസ്.ഐ: എം. രജില്‍കുമാര്‍, എ.എസ്.ഐ: ടി. സുനില്‍കുമാര്‍, ഡ്രൈവര്‍ സി.പി.ഒ. ജിതേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പൂട്ടിയിട്ട വീടാണെന്നുകരുതി എത്തിയതായിരുന്നു മോഷ്ടാക്കള്‍. ഈ സമയം എന്തോ ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുടമയുടെ മകന്‍ ഗീത് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയാതായി മനസിലാക്കി. ഉടന്‍ ഫോണിലൂടെ സുഹൃത്തിനെ വിവരമറിയിച്ചു. ഇവര്‍ സംഘടിച്ചു വീടിന്റെ ചുറ്റും ആളുകളെ നിലയുറപ്പിച്ചശേഷം പോലീസിനെ അറിയിച്ചു.പോലീസ് എത്തിയതോടെ ഗീത് വീട്ടിലെ ലൈറ്റുകള്‍ ഓണാക്കി. മോഷ്ടാക്കള്‍ ഇതോടെ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇരുവരെയും പിടികൂടി. സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ചു. ഇവരില്‍നിന്ന് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരയും മറ്റ് ആയുധങ്ങളും കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



