കോഴിക്കോട്: ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കുന്ന അനഘയുടെ മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം. പറമ്പിൽ ബസാർ സ്വദേശി അനഘയെ ഒക്ടോബർ 27 നാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിനിടെ അനഘയുടെ ഇരട്ടക്കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അനഘയുടെ കുടംബം രംഗത്തെത്തിയത്. അനഘയുടെ മരണാനന്തര ചടങ്ങായി 7/11/2022 കുട്ടികളെ എത്തിക്കണമെന്ന ആവശ്യമായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും ശ്രീജേഷ് ഹാജരാകാത്തതിനാൽ കേസ് പരിഗണിച്ചില്ല. ഭർത്താവിന്റെ വീട്ടിൽ മക്കൾ സുരക്ഷിതരായിരിക്കില്ലെന്നും അവരെ വിട്ടുകിട്ടണമെന്നും അനഘയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു.
അനഘയുടെ മരണത്തിന് പിന്നിൽ ഭർത്താവ് ശ്രീജേഷും ബന്ധുക്കളുമാണെന്ന അനഘയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശ്രീജേഷിനെ അറസ്റ്റ് ചെയ്യാനായി പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ശ്രീജേഷിനെയും ബന്ധുക്കളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അനഘയുടെ കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് എ.സി.പി സുദർശനനന്റ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും പ്രതികൾ ഒളിവിലായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് അറിയിച്ചു

