ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മേയ് ആറിന്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലാണു ചടങ്ങുകളെന്നു ബക്കിഹാം കൊട്ടാരം അറിയിച്ചു. ചാള്‍സിനൊപ്പം രാജപത്‌നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) കാമിലയും അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണു ചാള്‍സ് രാജാവായി ചുമതലയേറ്റത്. ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീസ് സ്ഥാപനങ്ങളില്‍ മൂന്ന് ദിവസത്തെ അവധി അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. 1953 ജൂണ്‍ രണ്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ചാള്‍സ് മൂന്നാമന്‍ അധികാരം ഏറ്റെടുത്തെങ്കിലും ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയല്‍ ക്രൗണ്‍ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. കാന്റര്‍ബറി ആര്‍ച്ച്ബിഷപ് റവ. ഡോ. ജസ്റ്റില്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലാകും ചടങ്ങുകള്‍. ആര്‍ച്ച്ബിഷപ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക.
ചടങ്ങിനു തുടക്കത്തില്‍ ചാള്‍സിനെ ആര്‍ച്ച് ബിഷപ് നാലു ദിക്കിന്റെയും രാജാവായി പ്രഖ്യാപിക്കും. തുടര്‍ന്നു സത്യപ്രതിജ്ഞ. മതപരമായ ചടങ്ങുകള്‍ക്ക് അതോടെ തുടക്കമാകും. കിരീടമേറ്റെടുക്കുന്ന രാജാവിനെ ആര്‍ച്ച്ബിഷപ് പ്രാര്‍ഥനകള്‍ക്കൊടുവില്‍ തൈലാഭിഷേകം നടത്തും. 1300 ല്‍ നിര്‍മിച്ച എഡ്വേര്‍ഡ് രാജാവിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ ഇതോടെ ചാള്‍സ് മൂന്നാമന്‍ അര്‍ഹത നേടും. ഔദ്യോഗിക ആഭരണങ്ങള്‍ അണിഞ്ഞശേഷമാകും കിരീടധാരണം. രാജാവിനു പിന്നാലെ രാജപത്‌നിയുടെ കിരീട ധാരണവും ഉണ്ടാകും.
ഇന്ത്യയില്‍ നിന്നുള്ള കോഹിനൂര്‍ രത്‌നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക. കിരീടധാരണസമയത്ത് ചാള്‍സിന് 74 വയസ് പൂര്‍ത്തിയാകും. 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിട്ടനില്‍ കിരീടധാരണം നടത്തുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാള്‍സ് മൂന്നാമന്‍.

