വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അപകടം: പഞ്ചാബി ​ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ

മൊഹാലി: പഞ്ചാബി ​ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. ഇതിനിടെ വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി തനിക്ക് തരാനുള്ള പണത്തെച്ചൊല്ലി വാക്കുതർക്കം ആരംഭിച്ചു. ഹോട്ടൽ ഉടമയോട് സംസാരിച്ച് പരിഹാരമുണ്ടാക്കിത്തരാൻ ഇയാൾ അൽഫാസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അൽഫാസ് ഇതിന് വിസമ്മതിച്ചു.

ഇതോടെ ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അൽഫാസിനെ ഇടിച്ചിടുകയും ചെയ്തു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ​ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൽഫാസ് ഐ.സി.യുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

‘പുട്ട് ജാട്ട് ദാ’, റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. അമൻജോത് സിങ് പൻവാർ എന്നാണ് യഥാർത്ഥ പേര്. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം ‘ജാട്ട് എയർവേസി’ൽ അഭിനയിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →