റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

417 ഹർത്താൽ കേസുകളിൽ പിഎഫ്ഐ നേതാവ് അബ്ദുൾ സത്താർ പ്രതി

September 30, 2022 - 2:25 pm

തിരുവനന്തപുരം: തങ്ങളുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതും അതിനുപിന്നാലെയുള്ള നേതാക്കളുടെ അറസ്റ്റുമാണ് 23/09/22 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ടിനെക്കൊണ്ട് മിന്നൽ ഹർത്താൽ നടത്തിപ്പിച്ചത്. ഈ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായത് വലിയ നാശനഷ്ടമായിരുന്നു. സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തകർത്തതോടെ ഹർത്താലിൽ കോടതി കേസെടുക്കുകയും തുടർനടപടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹർത്താലിൽ കെഎസ്ആർടിസിക്കടക്കം വരുത്തിയ നാശനഷ്ടങ്ങളിൽ 5.20 കോടി രൂപ പോപ്പുലർ ഫ്രണ്ടിനെ നയിച്ചിരുന്ന ഭാരവാഹികൾ രണ്ടാഴ്‌ചയ്‌ക്കകം സർക്കാരിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ നഷ്ടപരിഹാരം അതിലും തീരില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നതും. 

നഷ്ടപരിഹാരത്തുക വിതരണം ക്ളെയിം കമ്മിഷണർ വഴി വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് നാശനഷ്ടം സംഭവിച്ചവർക്ക് ക്ളെയിം കമ്മിഷണർ വഴി വിതരണം ചെയ്യണമെന്നും ഇതിൽകൂടുതൽ നൽകണമെന്ന് ക്ളെയിം കമ്മിഷണർ ഉത്തരവിട്ടാൽ അതും സംഘടനയിൽ നിന്ന് ഈടാക്കണമെന്നുമാണ് കോടതി നിർദ്ദേശം. നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ ക്ളയിം കമ്മീഷണർ നടപടികൾ പരിശോധിച്ച് അധികം തുക നൽകണമെന്ന് നിർദ്ദേശിച്ചാൽ നൽകേണ്ടിവരുമെന്നുള്ളതാണ് ജയിലിൽ കഴിയുന്നവരെ പ്രതിസന്ധിയിലാക്കുന്നത്. ജാമ്യഹർജി പരിഗണിക്കുമ്പോൾ അവരുണ്ടാക്കിയ നാശനഷ്ടങ്ങൾക്കു തുല്യമായ തുക കെട്ടിവയ്ക്കാൻ നിർദ്ദേശിക്കണമെന്നും ക്ളെയിം കമ്മിഷണർ അഡ്വ. പി.ഡി. ശാർങധരന് ഓഫീസും ജീവനക്കാരെയും മൂന്നാഴ്‌ചയ്ക്കുള്ളിൽ നൽകണമെന്നും കോടതിനിർദ്ദേശത്തിൽ പറയുന്നുണ്ട്. 

ഇതിനിടെ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ പ്രതി ചേർക്കാൻ സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. നഷ്ടപരിഹാരത്തുക ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്കാണ് കൈമാറേണ്ടത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തിൽ നിന്ന് റവന്യു റിക്കവറിയിലൂടെ തുക ഈടാക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിലാണ് നിർദ്ദേശം. ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹർജി 2022 ഒക്ടോബർ 17നു വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

അക്രമങ്ങൾക്ക് പോപ്പുലർ ഫ്രണ്ടും ഹർത്താലിന് ആഹ്വാനം ചെയ്ത അബ്ദുൾ സത്താറും നേരിട്ട് ഉത്തരവാദികളാണ്. മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ സർക്കാർ ഇടപെട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെയും സംഘടിത ശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങൾക്ക് ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ല. ആൾക്കൂട്ടത്തിന്റെ അധികാര വാഴ്ചയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. മിന്നൽ ഹർത്താൽ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രകടനങ്ങളും ആൾക്കൂട്ടവുമുണ്ടാകുമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹർത്താലിൽ അക്രമങ്ങൾ നടത്തിയ കേസിൽ 1922 പേരാണ് അറസ്റ്റിലായത്. 687 പേരെ മുൻകരുതലായി അറസ്റ്റു ചെയ്തിരുന്നു. 417 അക്രമക്കേസുകളിൽ 63 എണ്ണം പൊതുമുതൽ നശിപ്പിച്ച കേസുകളാണ്. 48 പേർ അറസ്റ്റിലായിട്ടുണ്ട്. പൊതുവഴി തടസപ്പെടുത്തിയ 118 കേസുകളുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കുംനേരെയുള്ള അക്രമത്തിൽ 12 ലക്ഷം നഷ്ടവും കെഎസ്ആർടിസിക്ക് നഷ്ടം 5.06 കോടിയുമാണ്. സർവീസ് മുടങ്ങിയതുമൂലം 3,95,82,969രൂപ നഷ്ടമുണ്ടായിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *