പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ

തിരുവനന്തപുരം : കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളഘടകം പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പ്രസ്താവന ഇറക്കി. 28 – 9 – 2022, ചൊവ്വാഴ്ചയാണ് പോപ്പുലർ ഫ്രണ്ട് , കേരള എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പ്രസ്താവന പോസ്റ്റ് ചെയ്തത്.
നിയമവിരുദ്ധം എന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. മഹത്തായ രാജ്യത്തിൻറെ നിയമമനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് അബ്ദുൽ സത്താർ പ്രസ്താവനയിൽ പറയുന്നത്.

22 – 09 -2022 ന് ആണ് എൻ ഐ എ യുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ 93 ദിക്കുകളിൽ ആയാണ് റെയ്ഡ് നടന്നത്. ഭീകരവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിക്കുക, ആയുധ പരിശീലന ക്യാമ്പുകൾ നടത്തുക, നിരോധിക്കപ്പെട്ട സംഘടനകളിൽ ചേരുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് 28-09-2022-ൽ പോപ്പുലർ ഫ്രണ്ട് എന്ന സംഘടന അടക്കം 9 സംഘടനകളെ നിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കോൺഫിഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒപ്പം നിരോധനം ഏർപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ടും അതിൻറെ അനുബന്ധ സംഘടനകളും സാമൂഹിക സാമ്പത്തിക- വിദ്യാഭ്യാസ- രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിൻറെ ഭരണഘടന വ്യവസ്ഥയെയും ജനാധിപത്യ സങ്കല്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിങ്ങനെയുള്ള പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് നടപ്പാക്കി വന്നിരുന്നത് എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഈ അവസരത്തിലാണ് എ അബ്ദുൽ സത്താർ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുന്നത്.

അബ്ദുൽ സത്താറിൻറെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

‘പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.

പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.

നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.

എ അബ്ദുൽ സത്താർ
സംസ്ഥാന ജനറൽ സെക്രട്ടറി’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →