മോസ്‌കോ: മധ്യ റഷ്യയിലെ ഇഷെവ്സ്‌ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്‌കൂളിലെ രണ്ട് സുരക്ഷാ ഗാര്‍ഡുകളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. 14 കുട്ടികള്‍ക്കും ഏഴ് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റ സംഭവത്തിലെ അക്രമി സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി. നാസി ചിഹ്നങ്ങളുള്ള കറുത്ത ടോപ്പ് ധരിച്ചാണ് അക്രമി എത്തിയത്. ഇയാളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണെന്നു റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ പ്രവര്‍ത്തകരും സംഭവസ്ഥലത്ത് പാഞ്ഞെത്തി. ചിലര്‍ സ്ട്രെച്ചറുകളുമായി സ്‌കൂളിനുള്ളിലേക്ക് ഓടുന്നതും കാണാനായി. 982 വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുണ്ടായിരുന്നത്.മോസ്‌കോയില്‍നിന്ന് 1,000 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇഷെവ്സ്‌ക് റഷ്യയിലെ ഉഡ്മര്‍ട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ്. ഏകദേശം 630,000 ജനങ്ങളുള്ള നഗരമാണിത്.