തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ ഉടൻ കോടതിയിൽ ഹാജരാക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആണ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞത്.
പോലീസ് മർദ്ദിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് ജിതിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ പോലീസ് സൃഷ്ടിച്ചതെല്ലാം കള്ള തെളിവുകളാണ്. മർദ്ദനത്തിന് ഒടുവിൽ തനിക്ക് ഭീഷണിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നതാണെന്നും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
എകെജി സെന്റർ ആക്രമണ കേസിൽ അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്നത്. ജിതിന്റെ ജാമ്യാപേക്ഷയും കോടതി ഉടൻ പരിഗണിക്കും. യൂത്ത് കോൺഗ്രസ് ആറ്റിപ്രമണ്ഡലം പ്രസിഡണ്ടാണ് ജിതിൻ. കോളേജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്.
ജിതിനാണ് എകെജി സെന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികം നിഗമനം. ഇയാൾ യൂത്ത് കോൺഗ്രസിന്റെ മറ്റു നേതാക്കളുമായി ഇതു സംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുൾപ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

