തെരുവ് നായകൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പരിക്കേറ്റ നായ്ക്കളെ അടക്കം പുനരധിവസിപ്പിക്കുന്ന സന്നദ്ധ പ്രവർത്തകർ പ്രതിസന്ധിയിൽ

കൊച്ചി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പരിക്കേറ്റ തെരുവുനായ്ക്കളെയടക്കം പുനരധിവസിപ്പിക്കുന്ന സന്നദ്ധ പ്രവർത്തകർ. വീടുകളിൽ നിന്നും മൃഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഭീഷണിപ്പെടുത്തുമ്പോൾ എവിടേക്ക് മാറ്റണമെന്ന് അറിയാതെ വിഷമവൃത്തത്തിൽ ആയിരിക്കുകയാണ് പലരും.

റോഡുകളിലൂടെ വാഹനങ്ങൾ കുതിച്ചു പായുമ്പോൾ പരിക്കേറ്റവ, രോഗങ്ങൾ ബാധിച്ചതിനെ തുടർന്ന് ഉടമകൾ വഴിയിൽ ഉപേക്ഷിച്ചവ, തുടങ്ങി തെരുവുകളിലേക്ക് തിരിച്ചയച്ചാൽ അതിജീവനം അസാധ്യമായവയാണ് പുനരധിവാസ കേന്ദ്രങ്ങളിൽ സംരക്ഷിക്കുന്ന നായ്ക്കളിൽ ഏറിയപങ്കും. തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെ നായ്ക്കളെ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർക്കെതിരെയും നാട്ടുകാർ തിരിയുന്നു. വാടകവീടുകൾ ഒഴിയണമെന്ന് ഉടമകളും, നായ്ക്കളെ ഒഴിപ്പിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളും ആവശ്യപ്പെടുന്നു. എന്നാൽ എവിടെ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെതായ ഒരു ഷെൽട്ടർ ഹോം തുടങ്ങി നായ്ക്കളെ കൊണ്ടുപോയി സംരക്ഷിക്കണമെന്ന സന്നദ്ധ പ്രവർത്തകരുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊളുത്തി അടിച്ചുകൊന്ന് കടലിൽ താഴ്ത്തിയ സംഭവം വിവാദമായതോടെ, ഹൈക്കോടതി സ്വമേധയാ പരിഗണിച്ച കേസിലെ ഉത്തരവിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലവും, ഉത്തരവ് എന്ന് നടപ്പിലാക്കണമെന്ന വ്യക്തത ഇല്ലായ്മയും ചൂണ്ടിക്കാട്ടി നടപടിക്രമങ്ങൾ വൈകിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →