കൂടുതല്‍ മാര്‍ക്ക് കിട്ടി: മകളുടെ സഹപാഠിയെ അമ്മ വിഷംകൊടുത്തുകൊന്നു

കാരയ്ക്കല്‍: പഠനത്തില്‍ മികവു പുലര്‍ത്തിയതിന് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കലിലാണ് ക്രൂരമായ സംഭവം.കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥി ബാലമണികണ്ഠനാണ് (13) മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലമണികണ്ഠന്റെ സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:

കാരയ്ക്കല്‍ സ്വദേശിയായ രാജേന്ദ്രന്റെയും മാലതിയുടെയും മകനാണു ബാലമണികണ്ഠന്‍. ക്ലാസില്‍ സ്ഥിരം ഒന്നാം റാങ്കുകാരനാണ്. എങ്ങനെയെങ്കിലും തന്റെ മകളെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു സഹായറാണി വിക്ടോറിയയുടെ ലക്ഷ്യം. എന്നാല്‍, ബാലമണികണ്ഠന്‍ ഇതിനു തടസമാണെന്നായിരുന്നു അവരുടെ വിശ്വാസം. സ്‌കൂള്‍ വാര്‍ഷികത്തില്‍ ബാലമണികണ്ഠനു പ്രത്യേക അഭിനന്ദനം ലഭിക്കുമെന്ന അറിവും അവരുടെ അസൂയകൂട്ടി.

03/09/2022 ശനിയാഴ്ച സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായാണ് ബാലമണികണ്ഠന്‍ സ്‌കൂളിലെത്തിയത്. ശീതള പാനീയത്തില്‍ വിഷം കലര്‍ത്തിയശേഷം വിക്ടോറിയയും സ്‌കൂളിലെത്തി. വാര്‍ഷികാഘോഷ പരിപാടിയ്ക്കുള്ള തയാറെടുപ്പിലായിരുന്ന ബാലമണികണ്ഠനു പാനീയം നല്‍കാന്‍ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനോട് വിക്ടോറിയ അഭ്യര്‍ഥിക്കുകയായിരുന്നു.

പാനീയം കുടിച്ചയുടന്‍ കുട്ടി കുഴഞ്ഞുവീണു. ഉടന്‍ തന്നെ സഹപാഠികള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിഷം അകത്തുചെന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണമാണ് ദേവദാസിലെത്തിയത്. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണു ജൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു അയാളുടെ മൊഴി.

തുടര്‍ന്നു സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയയാണ് ജൂസ് പാക്കറ്റ് കൈമാറിയതെന്ന് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് കാരയ്ക്കല്‍ എസ്.പി. അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →