കാശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടു ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്നനേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി നിയമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ രാജിവച്ചു. പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യസമിതി അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചു. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയകാര്യസമിതി അംഗമായ തന്നെ തരംതാഴ്ത്തിയെന്ന വിലയിരുത്തലിലാണ് ആസാദിന്റെ രാജിയെന്നാണ് സൂചന.മണ്ഡല പുനര്‍നിര്‍ണയമുള്‍പ്പെടെ പൂര്‍ത്തിയായാലുടന്‍ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചിരിക്കേയാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്ന ആസാദിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.പാര്‍ട്ടിയില്‍ താന്‍ വീണ്ടും ഒതുക്കപ്പെട്ടെന്ന വികാരമാണ് അദ്ദേഹത്തിനുള്ളത്. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ആസാദ് പാര്‍ട്ടിയുടെ നിരവധി ഉന്നതപദവികള്‍ വഹിച്ചിട്ടുണ്ട്. സംഘടനാനേതൃത്വത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുന്ന ജി 23 വിമതവിഭാഗത്തിലും അദ്ദേഹം പ്രധാനിയാണ്. തന്റെ വിശ്വസ്തന്‍കൂടിയായ ഗുലാം അഹമ്മദ് മിറിനെ ജമ്മു കശ്മീര്‍ പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നു കഴിഞ്ഞമാസം മാറ്റിയതും ആസാദിനെ പ്രകോപിപ്പിച്ചു. മിറിനു പകരം വികാര്‍ റസൂല്‍ വാനിയാണു നിലവില്‍ പി.സി.സി. അധ്യക്ഷന്‍.പി.സി.സി. അധ്യക്ഷനെ മാറ്റിയതിനു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംസ്ഥാനത്തു വിവിധ പാര്‍ട്ടി സമിതികള്‍ രൂപീകരിച്ചത്. പ്രചാരണസമിതി, രാഷ്ട്രീയകാര്യസമിതി, ഏകോപനസമിതി, പ്രകടനപത്രികാസമിതി, പബ്ലിസിറ്റി-പബ്ലിക്കേഷന്‍ സമിതി, അച്ചടക്കസമിതി, തെരഞ്ഞെടുപ്പുസമിതി എന്നിവയാണവ.

Share
അഭിപ്രായം എഴുതാം