സോളാര്‍ കേസ്: കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കേരള ഹൗസില്‍ സി ബി ഐ സംഘം പരിശോധന നടത്തി. കേരള ഹൗസിലെ അതിഥികളുടെ താമസ രജിസ്റ്റര്‍, വാഹന രജിസ്റ്റര്‍ എന്നിവ സംഘം പരിശോധിച്ചു. ജീവനക്കാരില്‍ നിന്നും സംഘം മൊഴിയെടുത്തു. 2012ലെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.

സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ യുടെ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയത്.ഈ മാസം നാല് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലായി സി ബി ഐയുടെ രണ്ട് സംഘങ്ങളാണ് ഡല്‍ഹിയില്‍ എത്തിയത്.ഒരു സംഘം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു. മറ്റൊരു സംഘമാണ് കേരള ഹൗസില്‍ പരിശോധന നടത്തിയത്.കാലപ്പഴക്കമുള്ളതിനാല്‍ അന്വേഷിക്കുന്ന പല രേഖകളും സി ബി ഐക്ക് ലഭിച്ചിട്ടില്ല എന്നാണ് സൂചന. പ്രാഥമിക പരിശോധന മാത്രമാണ് നടന്നതെന്നും, ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിച്ച ശേഷം വീണ്ടും തെളിവെടുപ്പ് നടത്തുമെന്നുമാണ് സി ബി ഐ കേന്ദ്രങ്ങള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →