ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും, ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡനക്കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയിൽ പറഞ്ഞു. ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായവാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പോലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്റെ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
അതേസമയം, മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കൾ എല്ലാം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നു. അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് നൽകിയ 35 പേജ് ഉള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. ശാസ്ത്രീയ പരിശോധന നടത്തിയാണ് പുരാവസ്തു വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്.

