അഹമ്മദാബാദ്: മക്കളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്മാര് തൂങ്ങിമരിച്ചു. അഹമ്മദാബാദില്‍ അമരീഷ് പട്ടേല്‍(42), ഗൗരംഗ് പട്ടേല്‍ (40) എന്നിവരാണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മയൂര്‍(12), കിരാത്(9), സാന്‍വി(7), ധ്രുവ് എന്നിവരെയാണ് ഇവര്‍ കൊന്നത്.
വെള്ളിയാഴ്ച(19-06-20) രാവിലെ വാത്വ ജിഐഡിസിയിലെ ഇവരുടെ ആള്‍താമസമില്ലാത്ത ഫ്ളാറ്റിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് സഹോദരങ്ങള്‍ രണ്ട് പേരും താമസിച്ചിരുന്നത്.
ആറു മാസം മുമ്പ് രണ്ടു സഹോദരന്മാരും കൂടി പ്രയോസ റസിഡന്‍സി എന്ന ഫ്ളാറ്റിന്റെ ഏഴാം നിലയിലുള്ള വീട് വാടകയെക്കെടുത്തിരുന്നു. പക്ഷം, ആരും അവിടെ വരാറുണ്ടായിരുന്നില്ല.
ഇരുവർക്കും 32 ലക്ഷത്തിന്റെ ബാധ്യത ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യം ടെക്സ്റ്റൈൽ ബിസിനസും പിന്നീട് കാറുകളുടെ ബിസിനസും നടത്തിയെങ്കിലും രണ്ടും തകരുകയായിരുന്നു.
ഇതോടെ ബാധ്യതകൾ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതായി. മറ്റുള്ളവരുമായി അധികം അടുപ്പം പുലർത്താത്ത കുടുംബമായിരുന്നു ഇവരുടേത്. ഇവരുടെ ബിസിനസ് തകർച്ച ഭാര്യമാർക്ക് പോലും അറിവുണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുറത്തുപോയ സഹോദരങ്ങള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാടകയെക്കെടുത്ത വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊന്നിരിക്കുന്നത്. എന്നാല്‍ കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലെ കാരണം വ്യക്തമല്ല.

