കോഴിക്കോട്: ബഫർ സോൺ ഒരു കിലോമീറ്റർ വരെ ആകാമെന്ന് കഴിഞ്ഞ മന്ത്രി സഭയുടെ കാലത്തെ തീരുമാനം റദ്ദ് ചെയ്യണമെന്ന് വിവിധസംഘടന നേതാക്കളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആകാമെന്ന മന്ത്രിസഭയുടെ മുൻ തീരുമാനം നിലനിൽക്കെ ബഫർ സോണിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോടതി വിധി പ്രതികൂലമായി ബാധിക്കുന്നവരുടെ അതിജീവന പ്രശ്നങ്ങൾ സുപ്രീംകോടതിയിൽ എത്തിക്കുവാൻ അടിയന്തര നടപടികൾ ആരംഭിക്കുവാനും ബഫർ സോൺ ബാധിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ വിളിച്ചുകൂട്ടി അടിയന്തരമായി ബഫർ സോണിനെതിരെയുള്ള പ്രമേയങ്ങൾ പാസാക്കുവാൻ തദ്ദേശ സ്വയംഭരണ അധികാരികളോട് ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. സുപ്രീം കോടതി അഭിഭാഷകരായ അൽഫോൻസ് കണ്ണന്താനം, അഡ്വക്കറ്റ് സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ നിയമസാധ്യതകളെ പറ്റി യോഗത്തിൽ വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഫാദർ ജേക്കബ് പാലക്കാ പള്ളി ചാക്കോ കാളാംപറമ്പിൽ, ജോയി കണ്ണൻചിറ, വി ബി രാജൻ, അഡ്വക്കറ്റ് സുമൻ എസ് നെടുങ്ങാടൻ ബിനോയ് തോമസ്, കെ ബി ബിജു, ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ സംസാരിച്ചു.
കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഒരു കിലോമീറ്റർ ബഫർ സോൺ അനുവദിച്ച മന്ത്രിസഭാ തീരുമാനം തിരുത്തണം.
