ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളായ 137 തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. തോടുകളില്‍ നിന്നുമായി ആകെ 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികള്‍ ശുചീകരിച്ച് ഒഴുക്ക് സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി.
ആലങ്ങാട് ബ്ലോക്കില്‍ 29 തോടുകളാണ് നവീകരിച്ചത്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ നാലും, വരാപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടും കരുമാല്ലൂര്‍ പഞ്ചായത്തിലെ രണ്ടും ആലങ്ങാട് പഞ്ചായത്തിലെ പതിനൊന്നും തോടുകളുടെ നവീകരണമാണ് ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത്. ഏലൂര്‍ നഗരസഭയിലെ രണ്ട് തോടുകളും നവീകരിച്ചു. ഇതുവഴി ആകെ 328794.96 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്യാന്‍ കഴിഞ്ഞു.
വൈപ്പിന്‍ ബ്ലോക്കില്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചത് 50 തോടുകളാണ്. പള്ളിപ്പുറം പഞ്ചായത്തില്‍ പന്ത്രണ്ടും, നായരമ്പലം പഞ്ചായത്തില്‍ പതിനെട്ടും, കുഴുപ്പിള്ളി പഞ്ചായത്തില്‍ ആറും, ഞാറയ്ക്കല്‍ എടവനക്കാട് പഞ്ചായത്തില്‍ ഏഴ് വീതം തോടുകളാണ് നവീകരിച്ചത്. തോടുകളില്‍ നിന്നാകെ 95892.94 മീറ്റര്‍ ക്യൂബ് ചെളിയാണ് ആകെ നീക്കം ചെയ്തത്.
അങ്കമാലി ബ്ലോക്കില്‍ രണ്ടു തോടുകളാണു മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കിയത്. അങ്കമാലി നഗരസഭയിലെയും, കാലടി പഞ്ചായത്തിലെയും ഒന്നുവീതം തോടുകളാണു നവീകരിച്ചത്. ഇതുവഴി 6553.55 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു.
ഇടപ്പിള്ളി ബ്ലോക്കില്‍ രണ്ടു തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെയും കളമശേരി നഗരസഭ പരിധിയിലെയും ഒരോ തോടുകളില്‍ നിന്നുമായി നീക്കിയത് 15,227 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ്.
കൂവപ്പടി ബ്ലോക്കിലെ നാലു തോടുകളുടെ നവീകരണം പൂര്‍ത്തിയായി. മുടക്കുഴ, കൂവപ്പടി പഞ്ചയാത്തുകളില്‍ ഒന്നു വീതവും ഒക്കല്‍ പഞ്ചായത്തില്‍ രണ്ടു തോടുകളുടെയും നവീകരണമാണ് കഴിഞ്ഞത്. ഇതുവഴി 11,454 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കി.
കോതമംഗലം ബ്ലോക്കില്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചത് 13 തോടുകളാണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ എട്ടും കീരംപാറ പഞ്ചായത്തില്‍ നാലും കവളങ്ങാട് പഞ്ചായത്തില്‍ ഒരു തോടിന്റെയുമാണ് ശൂചീകരണം പൂര്‍ത്തിയായത്. ഇതുവഴി 8,561 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കാനായി.
പറവൂര്‍ ബ്ലോക്കില്‍ ഏഴ് തോടുകളുടെ നവീകരണമാണ് പൂര്‍ത്തീകരിച്ചത്. വടേക്കക്കര, ചിറ്റാറ്റുകര, എഴിക്കര പഞ്ചായത്തുകളില്‍ ഓരോ തോടുകളും നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്നും, പറവൂര്‍ പ്രദേശത്തെ ഒരു തോടുമാണ് ഇതുവരെ ശുചീകരിച്ച് ഒഴുക്ക് സുഗമമാക്കിയത്. തോടുകളില്‍ നിന്നുമായി 1,02,085 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്.
പാറക്കടവ് ബ്ലോക്കില്‍ അകെ 17 തോടുകള്‍ ഇതുവരെ വൃത്തിയാക്കി. ശ്രീമൂലനഗരം പഞ്ചായത്തിലെ നാലും, ചെങ്ങമനാട് പഞ്ചായത്തിലെ അഞ്ചും, കുന്നുകര പഞ്ചായത്തിലെ രണ്ടും, പുത്തന്‍വേലിക്കര പഞ്ചായത്തിലെ ആറ് തോടുകളുമാണ് നവീകരിച്ചത്. ഇവിടെ നിന്ന് ആകെ 153680.25 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കാന്‍ കഴിഞ്ഞു.
വാഴക്കുളം ബ്ലോക്കില്‍ 11 തോടുകളാണ് ഇതുവരെ നവീകരിച്ചത്. കീഴ്മാട് പഞ്ചായത്തില്‍ അഞ്ചും വാഴക്കുളം പഞ്ചായത്തില്‍ ആറ് തോടുകളും. ഇതുവഴി നീക്കം ചെയ്തത് 74,330 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ്.

