ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ജൂലൈ 12 ന് തുടക്കം. ട്വന്റി20 പരമ്പര 2-1 നു നേടിയ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്.ജോസ് ബട്ട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവരെല്ലാം മടങ്ങിയെത്തിയത് ഇന്ത്യക്കു വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1 നു നേടിയിരുന്നു. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ജൂലൈ 12 ന് നടക്കുന്ന മത്സരത്തിന് കാലാവസ്ഥ കാര്യമായ വെല്ലുവിളിയല്ലെന്നാണു സൂചന.
ഫ്ളാറ്റ് പിച്ചായതിനാല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ക്കാണ് ഇവിടെ മുന്‍തൂക്കം. രണ്ടാം ഏകദിനം 14 നു ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലും അവസാന ഏകദിനം 17 നു മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തിലും നടക്കും.
ഹോളണ്ടിനെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ 3-0 ത്തിനു തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ നില്‍പ്പ്. 498 റണ്ണെടുത്ത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന തങ്ങളുടെ തന്നെ ലോക റെക്കോഡ് തിരുത്താനും ഇം ണ്ടിനായി. ഈ വര്‍ഷം രണ്ട് ഏകദിന പരമ്പരയാണ് ഇന്ത്യ കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 3-0 ത്തിനു പരമ്പര കൈവിട്ടു. വെസ്റ്റിന്‍ഡീസിനെതിരേ 3-0 ത്തിനു പരമ്പര നേടി തിരിച്ചുവന്നു.
മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മങ്ങിയ ഫോമാണ് ഇന്ത്യയുടെ ആശങ്ക. 2019 നു ശേഷം സെഞ്ചുറി കാണാത്ത ഫോമിന്റെ നിഴലില്‍ മാത്രമായ കോഹ്ലിക്കെതിരേ വിമര്‍ശനങ്ങള്‍ കൂടി. കോഹ്ലിയെ തല്‍ക്കാലം കൈവിടില്ലെന്ന നിലപാടിലാണു ടീം ഇന്ത്യ.ഏകദിന ടീമില്‍ മടങ്ങിയെത്തിയ ശിഖര്‍ ധവാന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. കോഹ്ലി മൂന്നാമതും സൂര്യകുമാര്‍ യാദവ് നാലാമതും ഇറങ്ങും. പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരിലാരെ കളിപ്പിക്കുമെന്ന ചോദ്യമാണു രോഹിത്തിന്റെ തലവേദന. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നറേയും പരിഗണിക്കാനാണു സാധ്യത. പേസര്‍മാരായി ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും സ്ഥാനം ഉറപ്പാണ്.
ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ഒപ്പമുള്ളതിനാല്‍ മൂന്നാം പേസറായി ആരെ പരിഗണിക്കുമെന്ന് ഉറപ്പിക്കാനാകില്ല. മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ് എന്നിവരാണ് അവസരം തേടുന്നത്. ഇടം കൈയന്‍ പേസറെന്ന മുന്‍തൂക്കം അര്‍ഷദീപ് സിങ്ങിനുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 യില്‍ അവസരം ലഭിച്ചപ്പോള്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യവും ഏകദിന ലോകകപ്പും പരിഗണിച്ച് അര്‍ഷദീപിന് അവസരം നല്‍കാനിടയുണ്ട്.
സാധ്യതാ ടീം: ഇന്ത്യ – രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹാല്‍.
സാധ്യതാ ടീം: ഇംഗ്ലണ്ട് – ജോസ് ബട്ട്ലര്‍ (നായകന്‍), ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, സാം കുറാന്‍, ക്രെയ്ഗ് ഓവര്‍ടണ്‍, ഡേവിഡ് വീലി, മാറ്റ് പാര്‍കിന്‍സണ്‍, റീസ് ടോപ്ലെ.