ന്യൂഡല്‍ഹി: ഏക്നാഥ് ഷിന്‍ഡേയ്ക്കൊപ്പമുള്ള 15 ശിവസേന വിമത എം.എല്‍.എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലുള്ള ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ സുരക്ഷ ലഭിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 38 വിമത എം.എല്‍.എമാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയും നിര്‍ദേശിച്ചു. സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലൂടെയാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.രമേഷ് ബൊര്‍ണാരെ, മങ്കേഷ് കുദാല്‍കര്‍, സഞ്ജയ് ഷിര്‍സാത്, ലതാബായ് സൊനാവാനെ, പ്രകാശ് സുര്‍വെ എന്നിവര്‍ക്കും മറ്റ് പത്ത് എം.എല്‍.എമാര്‍ക്കുമാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇനിമുതല്‍ സി.ആര്‍.പി.എഫ്. കമാന്‍ഡോ സംഘത്തിനായിരിക്കും ഇവരുടെ സുരക്ഷാച്ചുമതല. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഈ എം.എല്‍.എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കു ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അതേസമയം, വിമത എം.എല്‍.എമാര്‍ക്കെതിരേ മഹാരാഷ്ട്രയില്‍ പലയിടത്തും ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഏക്നാഥ് ഷിന്‍ഡേയുടെ ചിത്രത്തില്‍ ചെരുപ്പുകൊണ്ട് അടിക്കുന്ന പ്രതിഷേധപരിപാടിയാണ് പുനെയില്‍ സംഘടിപ്പിച്ചത്. വിമതര്‍ക്കും ഷിന്‍ഡേയ്ക്കുമെതിരേ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകര്‍ പാര്‍ട്ടി മുഖപത്രം സാമ്നയുടെ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി. വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ കീറുകയും ഫ്ളെക്സുകളില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. വിമത എം.എല്‍.എ. താനാജി സാവന്തിന്റെ ഓഫീസ് കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.
15 ശിവസേന വിമത എം.എല്‍.എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍
