ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധമുയര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇക്കാര്യം പരിശോധനയിലാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തള്ളിയിട്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ കേസെടുക്കാത്തതിനെ ചോദ്യംചെയ്ത ഹൈബി ഈഡന് എം.പിയുടെ ട്വീറ്റിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയും അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ഇന്‍ഡിഗോയുടെയും യാത്രക്കാരുടെയും പ്രതിനിധികളുണ്ടായിരിക്കും.
മുദ്രാവാക്യം മുഴക്കിയവരെ ഇ.പി. ജയരാജന് തള്ളിയിടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നായിരുന്നു മന്ത്രി സിന്ധ്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഇന്‍ഡിഗോ എന്നിവരെ ടാഗ് ചെയ്ത് ഹൈബി ട്വീറ്റ് ചെയ്തത്.13/06/22 കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്രചെയ്ത വിമാനത്തില്‍ കയറിയത്. വിമാനം നിലത്തിറങ്ങിയതിനു ശേഷമായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്.കെ. നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ് എന്നിവര്‍ ”മുഖ്യമന്ത്രി രാജിവയ്ക്കുക” എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

